തിരുവനന്തപുരം: ഒരു ഭാഷയെമാത്രം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം മലയാളത്തിന് ഒരു രൂപ പോലും തരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഒരു ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രം നടപ്പിലാക്കുന്നത്. ക്ലാസിക്കല്‍ ഭാഷാ പദവിയുള്ള മലയാളം അടക്കമുള്ള ഭാഷകളെ അവഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന മലയാളം മിഷന്റെ ‘അനന്യ മലയാളം അതിഥി മലയാളം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശ്രീകാര്യത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷകളെ കേവലം പ്രാദേശിക ഭാഷയാക്കി കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ മലയാള ഭാഷയുടെ പരിപോഷണത്തിനായി ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് അനന്യ മലയാളമെന്നും മുഖ്യമന്ത്രി പറഞ്ഞു.