തിരുവനന്തപുരം : കെ ടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. അദ്ദേഹം സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നല്ല രീതിയിലുള്ള സഹയാത്രികനായിരുന്നു ഇതുവരെ. അതിനിയും തുടരുക തന്നെ ചെയ്യും.
കെ ടി ജലീല്‍ വ്യക്തി വിരോധം തീര്‍ക്കുന്നതായി ആരാണ് കണ്ടിട്ടുള്ളത്? ഞങ്ങളതിനെ അത്തരത്തില്‍ കണ്ടിട്ടില്ല. സഹകരണ മേഖലയ്ക്ക് കൃത്യമായ പരിശോധനാ സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഴ്ചകള്‍ തിരുത്താനുള്ള സംവിധാനം സഹകരണ മേഖലയ്ക്കുണ്ട്. ജലീലിനെ താന്‍ തള്ളിയിട്ടില്ലെന്നും തുടര്‍ന്നും സിപിഎമ്മിന്റെ സഹയാത്രികനായി ജലീല്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി ലീഗ് നേതാവാണ്. ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും അറിയാം. അവരുമായി സിപിഎമ്മിനുള്ള നിലപാടും എല്ലാവര്‍ക്കും അറിയാം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അതിനിവിടെ സഹകരണ വകുപ്പുണ്ട്.
അതിന് ഇഡി വരേണ്ട കാര്യമില്ല. അങ്ങിനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം ഉന്നയിച്ചത്.
വ്യാഖ്യാന തല്‍പ്പരരായവര്‍ക്ക് അതിനുള്ള അവസരമാണ് കിട്ടിയത്. ജലീലിനെ സിപിഎം തള്ളിയെന്ന തരത്തിലാണ് പലരും പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.