തിരുവനന്തപുരം : കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. കെ റെയിൽ പദ്ധതിയിൽ ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്നും കെ സുരേന്ദ്രൻ. കോഴിക്കോട് കെ റെയിൽ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർക്കാർ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരിൽ കോടികൾ കമ്മീഷൻ പറ്റാൻ ആണ് ശ്രമം. സാർവത്രിക അഴിമതി ആണ് ലക്ഷ്യം.
പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ,അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൺസ്സൾട്ടൻസി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സർക്കാരിന് ഇല്ല. പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണം. കെ റെയിൽ പദ്ധതിക്ക് ബദൽ മാർഗങ്ങൾ ആലോചിക്കാൻ തയാറാവണം. വികസനത്തിന് മുൻഗണന ക്രമം നൽകി പദ്ധതികൾ നടപ്പാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.