കൊച്ചി : വിദേശത്തു നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ ചെലവുകള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് വഹിക്കണമെന്ന് മുഖ്യമന്ത്രി. വൈകുന്നേരം വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. തുക സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കും. അതനുസരിച്ച് പണം നല്‍കണം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ചെലവുകുറഞ്ഞ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പാടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറുക്കുവഴികളിലൂടെ സംസ്ഥാനത്ത് എത്തുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കും. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്തു നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ ചെലവുകള്‍ സ്വയം വഹിക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങും. സ്വകാര്യ ഹോട്ടല്‍ മുതലാളിമാരെ സഹായിക്കുവാനാണ് ഇതെന്ന ആരോപണം ഇപ്പോഴേ ഉയര്‍ന്നുകഴിഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ വളരെ മോശപ്പെട്ട സാഹചര്യമാണെന്ന് പലരും തുറന്നുപറഞ്ഞു. അധികൃതര്‍ ഇടപെട്ട് കൂടുതല്‍ സൌകര്യപ്രദമായ ഹോട്ടല്‍ മുറികളിലേക്ക് ഇവരെ മാറ്റുന്നുമുണ്ട്. ഇവിടെ ഇവര്‍ പണം നല്‍കേണ്ടിവരും. വിദേശത്ത് താമസിച്ചതിനു ശേഷം നാട്ടിലെത്തുമ്പോള്‍ ഒരു മിനിമം സൌകര്യമെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ മിക്ക ക്വാറന്റീന്‍ കേന്ദ്രങ്ങളിലും പല അസൌകര്യങ്ങളും ഉണ്ടെന്ന് നാട്ടിലെത്തിയവര്‍ പറയുന്നു.
വരും ദിവസങ്ങളില്‍ പ്രവാസികള്‍ വലിയതോതില്‍ എത്തുമ്പോള്‍ എല്ലാവരെയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിമിതമായ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ താമസിപ്പിക്കുക ബുദ്ധിമുട്ടാണ്. തന്നെയുമല്ല ഇവരുടെ ചെലവിനത്തില്‍ സര്‍ക്കാരിന് വന്‍തുക ആവശ്യമായി വരികയും ചെയ്യും. സ്വകാര്യ ഹോട്ടലുകളിലേക്ക് ഇവരില്‍ ഒരു വലിയ വിഭാഗത്തെ മാറ്റിയാല്‍ സര്‍ക്കാരിന് അധിക സാമ്പത്തിക വരില്ലെന്ന് മാത്രമല്ല വിദേശത്തുനിന്നും വരുന്ന എല്ലാവരെയും സര്‍ക്കാരിന്റെ ചുമതലയില്‍ താമസിപ്പിക്കുവാന്‍ സാധിക്കുകയും ചെയ്യും.
പണിയും പോയി ബന്ധുക്കളും സ്വന്തക്കാരുമൊക്കെ നഷ്ടപ്പെട്ട് ഏതെങ്കിലും സംഘടനകളുടെ സൗജന്യ ടിക്കറ്റില്‍ നാട്ടിലെത്തുന്ന പ്രവാസികളുടെ കീശയിലെ ചില്ലിക്കാശുവരെ പിടിച്ചുവാങ്ങി സ്വകാര്യ ഹോട്ടല്‍ മുതലാളിമാരെ സഹായിക്കുവാന്‍ നടത്തുന്ന ഈ നീക്കം ഇനി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും.