അഞ്ചല്‍ : സഹകരണ സംഘം ജീവനക്കാരനെ വീടിന് സമീപം റോഡരികിലെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തഴമേല്‍ വൃന്ദാവനത്തില്‍ വിപിന്‍ (42) ആണ് മരിച്ചത്. പുലര്‍ച്ചെ ഇതു വഴിയെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോലീസ് നിയമനടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കോവിഡ് പരിശോധനയും പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്ത് പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ വിപിനെ കാണാതായതോടെ വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വീട്ടിലേക്ക് വരുന്ന വഴി കാല്‍ വഴുതി ഓടയിലേക്ക് വീഴുകയോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതോ ആകാം മരണകാരണം എന്നും പറയപ്പെടുന്നു. പിതാവ് : ശിവരാമ പിള്ള.മാതാവ്: ലളിതമ്മ.ഭാര്യ: അശ്വതി. മകള്‍: അതുല്യ.