തിരുവനന്തപുരം : ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ തുടങ്ങി. തീരദേശത്തെ ഫിഷ്‍ലാൻഡിങ് സെന്ററുകളും ഹാർബറുകളും അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ. ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകൾ പുറത്തുവിടാത്തതിലും സ്വകാര്യ കമ്പനിക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
നീലേശ്വരം മുതൽ കൊല്ലംവരെയുള്ള തീരമേഖലയിൽ മൽസ്യമേഖല സംരക്ഷണ സമിതി സംയുക്തമായി പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് സംഘടനകൾ പിൻമാറിയിരുന്നു. ഹർത്താൽ അവഗണിച്ച് കടലിൽ പോയി മടങ്ങിയെത്തിയ തൊഴിലാളികളും മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൊല്ലം വാടി ഹാർബറിൽ വാക്കേറ്റമുണ്ടായി. സമരവുമായി സഹകരിക്കാത്ത തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം. ഇരു വിഭാഗങ്ങളെയും പോലീസ് എത്തിയാണ് പിരിച്ചു വിട്ടത്.