തളിപ്പറമ്പ് : തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം തലോറ സ്വദേശി ടി.വി. ഗോകുൽദാസ് ആണ് മരിച്ചത്. 45 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് മരിച്ചത്. ഓഗസ്റ്റ് 28ന് തളിപ്പറമ്പ് അടിക്കുംപാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കൂട് ഇളകുകയും കൂട്ടത്തോടെ കടന്നലുകൾ ഗോകുൽദാസിനെ ആക്രമിക്കുകയുമായിരുന്നു.
കടന്നലുകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് ആക്രമണം തുടരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നതിനിടെയാണ് മരണം.































