തൃശ്ശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് ലിമിറ്റഡില്‍ (ICL Fincorp Ltd.) 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. സ്ഥാപനത്തിന്റെ ഇരിഞ്ഞാലക്കുട കേന്ദ്ര ഓഫീസിലെ ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് നല്‍കിയ പരാതിയില്‍ ഇരിഞ്ഞാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. തൃശ്ശൂര്‍ സ്വദേശികളായ ശ്രുതി, നിഷ ബാബു, ലിസി, സ്മിഷ എന്നിവരാണ് പ്രതികള്‍. ഒരാളെ അറസ്റ്റ് ചെയ്തതായി ഇരിഞ്ഞാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുവാന്‍ ഇദ്ദേഹം തയ്യാറായില്ല. ഇരിഞ്ഞാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണ് ICL Fincorp Ltd. 2018 മുതല്‍ 2026 ഫെബ്രുവരി മാസം വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഡിബഞ്ചര്‍ മുഖേന ഇടപാടുകാര്‍ നിക്ഷേപിച്ച പണമാണ് ജീവനക്കാര്‍ തട്ടിയെടുത്തത്.
ഇരിഞ്ഞാലക്കുട കേന്ദ്ര ഓഫീസില്‍ സീനിയര്‍ ഓഫീസ് ഡിബഞ്ചര്‍ ഇന്‍ ചാര്‍ജ്ജ് ആയ ഒന്നാം പ്രതി ശ്രുതിയും ഡിബഞ്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ ഓഫീസര്‍മാരായ നിഷ ബാബു, ലിസി എന്നിവരും തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റ് മാനേജരായ നാലാം പ്രതി സ്മിഷയും ചേര്‍ന്നാണ് മുപ്പത് കോടിയോളം രൂപ തട്ടിയെടുത്തതെന്ന് ICL Fincorp Ltd ന്റെ ചീഫ് മാനേജിംഗ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് സാം സെബാസ്റ്റ്യന്‍ (സാം മാളിയേക്കല്‍) നല്‍കിയ മൊഴിയില്‍ പറയുന്നു. ഇടപാടുകാര്‍ ഡിബഞ്ചര്‍ മുഖേന നിക്ഷേപിക്കുന്ന പണം കാലാവധി പൂര്‍ത്തിയാകുന്നമുറക്ക് ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും.
എന്നാല്‍ പണം തിരികെ നല്‍കിയ ശേഷവും നിക്ഷേപകരുടെ പേരുകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ നിന്നും നീക്കം ചെയ്യാതെ Renewal Debenture ആയി രേഖപ്പെടുത്തി പ്രതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമമായി കയറ്റി അവരുടെ പേരിലേക്ക് ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റുകയായിരുന്നു തട്ടിപ്പിന്റെ രീതി. ഈ ഡിബഞ്ചറുകള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് ജീവനക്കാരായ പ്രതികള്‍ വൌച്ചറുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതായിരുന്നു രീതി. ഇത്തരത്തില്‍ 30 കോടിയോളം രൂപ തട്ടിയെടുത്ത് സ്ഥാപനത്തിന് നഷ്ടമുണ്ടാക്കി എന്നാണ് കേസ്. എന്തായാലും ഈ കേസില്‍ അടിമുടി ദുരൂഹതയാണ്. ജീവനക്കാര്‍ പണം തട്ടിയെടുക്കുവാന്‍ അവലംബിച്ച മാര്‍ഗ്ഗം വളരെ സംശയകരമാണ്. പ്രത്യേകിച്ച് ഡിബഞ്ചറുകളുടെ പണമിടപാടുകള്‍ നടന്നതില്‍.
നിക്ഷേപകരുടെ 30 കോടി രൂപ ജീവനക്കാര്‍ തട്ടിയെടുത്ത കേസായിട്ടും ഇരിഞ്ഞാലക്കുടയിലെ പത്ര മാധ്യമങ്ങള്‍ ഈ വമ്പന്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും ഏറെ ദുരൂഹതയുണ്ടാക്കുന്നു. ഒരുപക്ഷേ ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രസ് ക്ലബ് മോടി പിടിപ്പിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രത്യുപകാരമോ ഉത്സവവേളകള്‍ ആനന്ദകരമാക്കുവാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നിലയിലോ ആകാം മാധ്യമപ്രവര്‍ത്തകര്‍ ഈ വാര്‍ത്തക്കുനേരെ കണ്ണടച്ചത് എന്നുവേണം കരുതുവാന്‍. പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായും സംശയിക്കുന്നു. നിക്ഷേപകരുടെ 30 കോടി രൂപയാണ് ജീവനക്കാര്‍ തട്ടിയെടുത്തത്. ഇത്ര വമ്പന്‍ തട്ടിപ്പ് നടന്നിട്ടും സമഗ്രമായ അന്വേഷണം നടത്തുവാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുവാനും പോലീസ് വിമുഖത കാണിക്കുകയാണ്. പ്രതികളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ ആരുംതന്നെ ഒളിവില്‍ പോയിട്ടില്ലെന്നുമാണ് വിവരം. ആവര്‍ത്തിച്ച് ചോദിച്ചതിനെത്തുടര്‍ന്ന് നാല് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇരിഞ്ഞാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞത്. എന്നാല്‍ അറസ്റ്റിലായ ആളുടെ പേരോ കേസിന്റെ അന്വേഷണ പുരോഗതിയോ വെളിപ്പെടുത്തുവാന്‍ ഇദ്ദേഹം തയ്യാറായില്ല. ഇതൊക്കെ കേസിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. 30 കോടിയുടെ തട്ടിപ്പ് മൂടിവെക്കുവാന്‍ ആരൊക്കെയോ മനപൂര്‍വ്വമായി ശ്രമിക്കുന്നുണ്ട് എന്നുവേണം കരുതുവാന്‍. സമാനമായ തട്ടിപ്പുകള്‍ മുമ്പ് കേരളത്തിലെ ചില ധനകാര്യ സ്ഥാപനങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ ആ കേസുകളില്‍ സ്ഥാപനം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും തട്ടിപ്പ് നടത്തിയ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഇരുമ്പഴിക്കുള്ളില്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ ICL മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും കാര്യമായ ഒരു നടപടിയുമില്ല. ഇതില്‍ ഏറെ ദുരൂഹതയുണ്ടെന്ന് നിക്ഷേപകര്‍ പറയുന്നു.
ICL Fincorp ലെ നിക്ഷേപകര്‍ കടുത്ത ആശങ്കയിലാണ്. പലരും ഡിബഞ്ചറില്‍ വലിയ തുകകള്‍ നിക്ഷേപിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പിനും കേന്ദ്ര അന്വേഷണ എജന്‍സികള്‍ക്കും പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് നിക്ഷേപകര്‍. നഷ്ടപ്പെട്ട തുകയെക്കുറിച്ച് വ്യക്തമായ കണക്കോ ധാരണയോ ഇല്ലാതെ 30 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന് മാനേജ്മെന്റ് തുറന്നു സമ്മതിക്കുമ്പോള്‍, ഒരുപക്ഷെ ശരിയായ അന്വേഷണം നടന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തിയും പ്രതികളുടെ എണ്ണവും കൂടാം. കേന്ദ്ര എജന്‍സികളായ CBI, SFIO, ED എന്നിവരുടെ അന്വേഷണത്തില്‍ക്കൂടി മാത്രമേ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരികയുള്ളു. >>> അന്വേഷണ പരമ്പര തുടരും.


































