വർക്കല: റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടിവെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ റെയിൽവേ പോലീസ് പിടികൂടി. ഇന്നലെ പുലർച്ചെ ഇടവയ്ക്കും കാപ്പിലിനും ഇടയിൽ പാറയിലായിരുന്നു സംഭവം. ഇടവ സ്വദേശി തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ സ്വദേശി ഷൈലജ മൻസിലിൽ ബിജു (30) എന്നിവരെയാണ് റെയിൽവേ പോലീസ് രാവിലെ അറസ്റ്റ് ചെയ്തത്. രാത്രി 12.50 ന് വന്ന ചെന്നൈ– ഗുരുവായൂർ ട്രെയിൻ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടു.
ട്രാക്കിൽ കിടന്ന തടി ട്രെയിനിൽ തട്ടിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു. ഒന്നരമീറ്റർ നീളമുള്ള തടി നീക്കം ചെയ്തതിനു ശേഷമാണ് യാത്ര തുടർന്നത്. ഉടൻ വിവരം ആർപിഎഫിനെ അറിയിക്കുകയും കൊല്ലം ആർപിഎഫ് പോസ്റ്റിൽ തടി എത്തിക്കുകയും ചെയ്തു. എറണാകുളം ഡിവൈഎസ്പി കെ.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ ഇതിഹാസ് താഹ, കൊല്ലം റെയിൽവേ പോലീസ് ഗ്രേഡ് സബ് ഇൻസ്പെക്ടർ മനോജ്കുമാർ, ഇന്റലിജൻസ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യൻ, വിമൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പുലർച്ചെ സംഭവ സ്ഥലത്ത് എത്തി.
പ്രദേശത്തെ നൂറിലധികം പേരിൽ നിന്നും റെയിൽവേ ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടിയത്. റെയിൽവേ ആക്ട് പ്രകാരം കൊല്ലം റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് പ്രതികൾക്കെതിരെ കേസ് എടുത്തു. ഇതിനു സമീപത്താണ് ഒരു മാസം മുൻപ് മലബാർ എക്സ് പ്രസ്സ് ട്രെയിനിനു തീപിടിച്ചത്. ഈ കേസിൽ സ്പെഷൽ ടീം അന്വേഷണം നടത്തുന്നതിനിടെയാണു പുതിയ സംഭവം.