തിരുവനന്തപുരം : കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരത. മൂന്നുമാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീട്ടിൽ സ്പ്രേ പെയിന്റ് അടിച്ചു. ചോളമണ്ഡലം ഫിനാൻസ് ആണ് തിരുവനന്തപുരം ആണ്ടൂർ കോണത്ത് ഈ ക്രൂരത ചെയ്തത്. കൊവിഡിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് മൂന്നുമാസം തിരിച്ചടവ് മുടങ്ങിയത്. ഗോപൻ, നാഗസുബ്രഹ്മണ്യം എന്നിവർ എത്തിയാണ് സ്പ്രേ പെയിന്റടിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു. 27 ലക്ഷം രൂപയാണ് അണ്ടൂർകോണത്തെ ഹജിത്ത് കുമാർ വായ്പ എടുത്തത്. 16 ശതമാനമാണ് പലിശ നിരക്ക്. മുടങ്ങിയ തവണ തിരിച്ചടച്ചാലും പെയിന്റ് മായിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഇതോടെ പണമടക്കുന്നില്ലെന്ന് ഹജിത്ത് തീരുമാനിക്കുകയായിരുന്നു.
നേരത്തെ കൊല്ലത്തും സമാനമായ രീതിയിൽ വീട്ടിൽ സ്പ്രേ പെയിന്റ് അടിച്ചിരുന്നു. ഏജൻസിക്ക് വന്ന വീഴ്ച ആണെന്നായിരുന്നു അന്ന് ധനകാര്യ സ്ഥാപനത്തിന്റെ പ്രതികരണം. ചില ജീവനക്കാരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ഞെട്ടൽ ഉണ്ടാക്കി. പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി അന്ന് വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.
എന്നാല്‍, കൊല്ലം ചവറയിലെ വീട്ടിൽ സ്പ്രേ പെയിന്റ് അടിച്ച സംഭവത്തില്‍ പ്രതികരിച്ച കുടുംബങ്ങൾക്കെതിരെ പ്രതികാര നടപടി എന്നു പരാതി ഉയരുന്നുണ്ട്. ചെക്കുകൾ മടങ്ങിയെന്നാരോപിച്ച് വായ്പ്പ എടുത്തവർക്ക് ചോളമണ്ഡലം ഫിനാൻസ് എന്ന സ്ഥാപനം നോട്ടീസയച്ചു. പലതവണ ചർച്ചക്ക് വിളിച്ചിട്ടും ധനകാര്യ സ്ഥാപനം അപമാനിച്ചെന്നാണ് കുടുംബങ്ങളുടെ പരാതി.