പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ അര ലക്ഷത്തില്‍പരം ഉച്ചഭക്ഷണം വിതരണം ചെയ്ത് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകള്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 12 ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തത് 68,381 പേര്‍ക്കുള്ള ഉച്ചഭക്ഷണമാണ്. ജില്ലയില്‍ നാലു നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്. കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണു കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്.
ഉച്ചയൂണിനു പുറമെ പ്രഭാതഭക്ഷണവും അത്താഴവും പ്രാദേശിക നിരക്കില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി നല്‍കുന്നുണ്ട്. നിലവില്‍ 6406 പ്രഭാത ഭക്ഷണ പൊതിയും 4978 അത്താഴവും വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തു. പറക്കോട് ബ്ലോക്കിന് കീഴില്‍ വരുന്ന കടമ്പനാട് ഗ്രാമപഞ്ചായത്താണ് ജില്ലയില്‍ ഏറ്റവും അധികം ഭക്ഷണം കമ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്യുന്നത്. 300 മുതല്‍ 400 ഭക്ഷണപൊതികള്‍ വരെ ഗ്രാമപഞ്ചായത്തില്‍ നിന്നു ദിനംപ്രതി നല്‍കുന്നുണ്ട്. ചില ദിവസങ്ങളില്‍ അതിനു മുകളിലും ആവശ്യക്കാരെത്തുന്നു. ജില്ലയില്‍ അടൂര്‍ മണ്ഡലത്തിലാണ് ഏറ്റവുമധികം ഭക്ഷണം വിതരണം ചെയ്തത്.
കുടുബശ്രീ അംഗങ്ങളാണ് കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഭക്ഷണമൊരുക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സിഡിഎസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല.