മല്ലപ്പള്ളി: മല്ലപ്പള്ളി – തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. യാത്രക്കാര്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ ഭീതിയിലാണ്. നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. ബസ് സ്റ്റാൻഡിൽ നിന്നും കൃത്യസമയത്ത് പുറപ്പെടുന്ന ബസുകൾ പിന്നെ ഇഴഞ്ഞാണ് നീങ്ങുന്നത്. ആവശ്യമില്ലാതെ മിനിറ്റുകളോളം ഓരോ സ്ഥലങ്ങളിലും നിർത്തിയിടുകയാണ്. തിരുവല്ല റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് മൂശാരിക്കവല വരെ എത്തുന്നതിന് കാൽ മണിക്കൂറോളം സമയം എടുക്കുന്നു. പിന്നിൽ സർവ്വീസ് നടത്തുന്ന ബസ് കണ്ടതിനുശേഷമാണ് വേഗത കൂട്ടുന്നത്. പിന്നെ മരണപ്പാച്ചിലാണ്. യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും മിന്നൽ വേഗതയിലാണ്. ഇത് അപകടത്തിന് കാരണമാകുന്നു. ഈ റൂട്ടിൽ മിക്ക ബസുകളും അഞ്ചും പത്തും മിനിറ്റ് വ്യത്യാസത്തിലാണ് സർവ്വീസ് നടത്തുന്നത്.
മറ്റ് ബസുകളുടെ സമയമെടുത്താണ് ഓരോ ബസിന്റെയും സർവ്വീസ്. സമയ കൃത്യത പാലിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ജീവനക്കാർ തമ്മിൽ അസഭ്യം പറച്ചിലും വാഹനങ്ങൾ തമ്മിൽ ഉരസലും മറ്റും നിത്യ സംഭവമായിരിക്കുകയാണ്. ജീവൻ പണയം വെച്ചാണ് തിരുവല്ല – മല്ലപ്പള്ളി റൂട്ടിൽ യാത്രക്കാർ ബസിൽ കയറുന്നത്. രണ്ടു മാസംമുൻപ് അധികൃതർ പരിശോധനകൾ നടത്തി പിഴ ഈടാക്കിയിരുന്നു. പിന്നെ ഒരാഴ്ചയോളം ബസുകൾ സമയകൃത്യത പാലിച്ചിരുന്നു. എന്നാൽ വീണ്ടും പഴയ സ്ഥിതിയിലെത്തി. നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.