തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. തണ്ണിത്തോട് കാവ് ജംഗ്ഷനിലൂടെ ഒഴുകുന്ന തോട്ടിലാണ് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ തോട് നിറഞ്ഞൊഴുകിയിരുന്നു. ഈ സമയത്താണ് ആരോ മാലിന്യങ്ങള്‍ തോട്ടില്‍ ഒഴുക്കിയതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തൂവലുകളും കോഴിയുടെ ശരീരഭാഗങ്ങളുമെല്ലാം ഇതിലുണ്ടായിരുന്നു. മുന്‍പും ഇത്തരത്തില്‍ മാലിന്യങ്ങള്‍ തോട്ടിലൂടെ ഒഴുകി വന്നിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ തോട്ടില്‍ പലയിടത്തും കെട്ടിക്കിടക്കുന്നത് രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമായിത്തീരുന്നുണ്ട്.
മാലിന്യം ആരാണ് ഒഴുക്കിവിടുന്നത് എന്നത് ആര്‍ക്കും അറിയില്ല. ഈ വിഷയം ആരോഗ്യവകുപ്പ് അധികൃതരെ ഉള്‍പ്പെടെ അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ തോട്ടില്‍ പലയിടത്തും കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്നും ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ജംഗ്ഷനിലൂടെ ഒഴുകുന്ന തോട് കല്ലാറ്റിലേക്കാണ് എത്തിച്ചേരുന്നത്. തണ്ണിത്തോട്, തേക്കുതോട്, കരിമാന്‍തോട് പ്രദേശങ്ങളില്‍ പലയിടത്തും ഇത്തരത്തില്‍ മാലിന്യങ്ങള്‍ തോട്ടില്‍ തള്ളുന്നത് പതിവാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.































