ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. മഴയിൽ റോഡിന്റെ വലിയൊരു ഭാഗം ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡ് ഒലിച്ചുപോയതിനാൽ തീർത്ഥാടകരും പ്രദേശവാസികളും വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മോശം കാലാവസ്ഥയും കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇതുവഴിയുള്ള യാത്രകൾ തൽക്കാലം ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേപ്പാളിലെ പ്രളയത്തെ തുടർന്ന് ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്തമഴയേയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ 70- ലധികം പ്രധാന റോഡുകളിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് ഒൻപത് വരെ മലയോര ജില്ലകളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർത്ഥാടകരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതരുടെ കർശന മുന്നറിയിപ്പുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.































