കൊട്ടാരക്കര : ഡോക്ടറുടെ ചികിത്സാ പിഴവിനാല്‍ യുവതിയുടെ കാഴ്ചയ്ക്ക് മങ്ങലും, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായതായി പരാതി. ഉമ്മന്നൂര്‍ ബെഥേല്‍ മന്ദിരത്തില്‍ ജെസ്സിമോള്‍ (37)ക്കാണ് ചികിത്സാപിഴവിനെത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാണിച്ചു ഭര്‍ത്താവ് അനി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ പോലീസിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 12-ാം തീയതി കൊട്ടാരക്കര ചന്തമുക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍റുടെ അടുത്ത് നെഞ്ചു വേദനയുമായി ചികിത്സ തേടിയ യുവതിക്ക് മരുന്നു നല്‍കിയതിനെത്തുടര്‍ന്ന് ശരീരം മുഴുവന്‍ പൊട്ടി പൊള്ളിയതു പോലെ ആകുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോള്‍ കൊട്ടാരക്കര ഗവ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പറയുകയായിരുന്നു.
അവിടെ എത്തിച്ചപ്പോള്‍ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകാന്‍ അറിയിക്കുകയായിരുന്നു എന്ന് ജെസിമോളുടെ സഹോദരി പറയുന്നു. ഡോക്ടറുടെ ചികിത്സയിലുണ്ടായ പിഴവാണ് കാഴ്ചയ്ക്ക് മങ്ങലേറ്റതെന്ന് പരാതിയില്‍ പറയുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബം യുവതിയുടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദയനീയാവസ്ഥയിലാണ്. ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.