തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ ഉണ്ടായിരുന്ന റോഡ് വീതി കൂട്ടുന്നതിന്റെ മറവിലാണ് ഭൂമി കൈയേറിയിരിക്കുന്നത്. കരിമണൽ ഭാഗത്തെ നിരവധി വീടുകളുടെ മതിലുകൾ ഇടിച്ച് നിരത്തിയാണ് റോഡ് നിർമ്മാണം. റോഡിന്റെ വീതി കൂട്ടുന്നതിന് മറവിലാണ് ഭൂമി കൈയേറുന്നത്. ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണത്തിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടും അത് കണക്കിലെടുക്കാതെയാണ് ഭൂമാഫിയ സംഘം ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഇതിനെതിരെ പോലീസിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയെങ്കിലും ആരും ചെവി കൊണ്ടില്ല എന്നും പരാതിയുണ്ട്. വീടുകളുടെ മതിലുകൾ പൊളിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്. സ്ഥലത്തെ കൗൺസിലറും എംഎൽഎയും നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ല. കോർപ്പറേഷനിൽ ഇതിൽ ഇടപെടാൻ കഴിയില്ല എന്നാണ് കൗൺസിലർ പറഞ്ഞതെന്ന് നാട്ടുകാർ ആരോപിക്കുന്നു.






























