ഹൈദരാബാദ്: ഫോം 7 വഴി വ്യാജ പേര് നീക്കല്‍ അപേക്ഷകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി തെലങ്കാന മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ സി സുദര്‍ശന്‍ റെഡ്ഡി. എസ്‌ഐആറിന്റെ ഭാഗമായി വ്യജമായ ‘ഫോം 7’ അപേക്ഷകള്‍ വ്യാപകമായി സമര്‍പ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. വോട്ടര്‍ പട്ടികയില്‍ ഒരു പേര് ഉള്‍പ്പെടുത്തുന്നതിനെതിരെ എതിര്‍പ്പ് ഉന്നയിക്കാനോ നിലവിലുള്ള പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാനോ ആണ് ‘ഫോം 7’ ഉപയോഗിക്കുന്നത്.
ബിജെപി വന്‍തോതില്‍ ‘ഫോം 7’ അപേക്ഷകള്‍ സമര്‍പ്പിച്ചതായി ഭരണകക്ഷിയായ കോണ്‍ഗ്രസും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ആരോപിച്ചിരുന്നു.
എന്നാല്‍ ബിജെപി ഈ ആരോപണം നിഷേധിക്കുന്ന സാഹചര്യമുണ്ടായി.1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 31-ഉം 1960-ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ ചട്ടങ്ങളിലെ റൂള്‍ 20-ഉം പ്രകാരമാണ് പരാതികളില്‍ നടപടി സ്വീകരിക്കുന്നത്. ഇതിന് മുമ്പായി കൃത്യമായ അന്വേഷണം നടത്തണമെന്ന് റെഡ്ഡി കളക്ടര്‍മാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഹൈദരാബാദില്‍ നിന്നുള്ള ഏകദേശം 5,000 അപേക്ഷകള്‍ ഉള്‍പ്പെടെ, ഇതുവരെ 28,753 ‘ഫോം 7’ അപേക്ഷകളാണ് ലഭിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടമായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍, പേരുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുന്നതിന് മുമ്പ് അവ സൂക്ഷ്മമായി പരിശോധിക്കണമെന്ന് റെഡ്ഡി പറഞ്ഞു.എസ്‌ഐആര്‍ നോട്ടീസുകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിഇഒ വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ രേഖകള്‍ ശേഖരിക്കാനും, ഇആര്‍ഒ/എഇആര്‍ഒ-യുടെ തീരുമാനത്തിനായി അവ ഇസിഐ സംവിധാനത്തില്‍ അപ്ലോഡ് ചെയ്യാനും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ നേരിട്ടുള്ള ഹിയറിംഗുകള്‍ നടത്താവൂ. അതേസമയം, അംഗീകാരം ലഭിച്ചാല്‍ വോട്ടര്‍ക്ക് പകരം കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് ഹാജരാകാവുന്നതാണ്





























