പന്തളം : പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ നിന്നും പദയാത്രയായി കന്യാകുമാരി മുതൽ കാശ്മീർ വരെ സഞ്ചരിക്കുന്ന ഐ.എസ്.കെ.ഓ.എന്‍. ആള്‍ ഇന്ത്യ എന്ന സംഘടനയിലെ മുംബൈ താനെ സ്വദേശി ആദം പുരെ ഗുരുനാഥ് സോപാൻ (23) എന്ന സ്വാമിയെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. കാളവണ്ടിയിൽ പദയാത്രയെ അനുഗമിക്കുന്ന സംഘത്തിലെ അംഗമായ ഇയാൾ സംഘടനയുടെ പുസ്തകങ്ങളും മറ്റും വിൽക്കുന്നതിനായി പന്തളത്ത് കടകൾ തോറും കയറിയിറങ്ങുകയായിരുന്നു.
ഇതിനിടെ ഒരു സ്ത്രീ മാത്രമുള്ള കടയിൽ കയറിയ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. ഇവർ ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ചേർന്ന് സ്വാമിയെ തടഞ്ഞുവെയ്ക്കുകയും പന്തളം പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




























