റാന്നി : അത്തിക്കയം ടൗണിനോട് ചേർന്ന് തമ്പടിച്ചിരിക്കുന്ന നാടോടി സംഘങ്ങൾ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നതായി പരാതി. ഇതു സംബന്ധിച്ച് വ്യാപാരി വ്യവസായി അത്തിക്കയം യൂണിറ്റ് നേതൃത്വത്തില്‍ പെരുനാട് പോലീസിൽ പരാതി നൽകി. നാറാണംമൂഴി സഹകരണ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള വളം ഡിപ്പോയുടെ കെട്ടിടത്തിലാണ് ഇത്തരത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാടോടി സംഘങ്ങൾ വന്ന് താമസിക്കുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകൾ സംസാരിക്കുന്ന ഇവരുടെ കൃത്യമായ സ്ഥലമോ പേരോ ആർക്കും അറിയില്ല. പകൽ സമയങ്ങളിൽ പുരുഷന്മാർ പമ്പാനദിയില്‍ വലകെട്ടിയും മീൻപിടിച്ചും നടക്കുമ്പോൾ സ്ത്രീകളും കുട്ടികളും വീടുകൾ തോറും കയറി ഇറങ്ങി തുണികൾ ഉൾപ്പടെയുള്ള സാധനങ്ങൾ ശേഖരിക്കും.
രാത്രി സമയങ്ങളിൽ കടകളുടെയും മറ്റും തിണ്ണയിൽ ഭക്ഷണം പാകം ചെയ്യുകയും കിടന്നുറങ്ങുകയും ചെയ്യുന്ന ഇവർ എത്തരക്കാരാണെന്ന് അറിയില്ലെന്നാണ് വ്യാപാരികൾ പരാതിയില്‍ പറയുന്നത്. അത്തിക്കയം മേഖലയിൽ കഴിഞ്ഞ വർഷം മാത്രം ആറോളം വ്യാപാര സ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇതുകൊണ്ടുതന്നെ ഊരും പേരും അറിയാത്ത ഇത്തരത്തിൽ വരുന്നവരെ ഇവിടെ നിന്നും ഒഴിവാക്കണമെന്നാണ് വ്യാപാരി സംഘടനകളും പ്രദേശവാസികളും ഒരുപോലെ പറയുന്നത്. കുട്ടികൾ ഉൾപ്പടെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങൾ മലമൂത്ര വിസർജ്ജനം നടത്തി വൃത്തികേടാക്കുന്നത് മൂലം മിക്ക വ്യാപാരികളും ദുരിതത്തിലാണ്. പഞ്ചായത്തിൽ ഉൾപ്പടെ നിരവധി തവണ പരാതി പറഞ്ഞിട്ടുള്ളതാണെന്നും പോലീസും പഞ്ചായത്തും ഉൾപ്പടെ ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് വ്യാപാരികൾ പരാതിയില്‍ പറയുന്നത്.