തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായതിനാൽ നിയന്ത്രങ്ങൾക്ക് ഇളവ് നൽകാനാണ് സർക്കാർ തീരുമാനം. ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരത്തിൽ ഒരു ഇളവ് വരുത്തുന്നത് നിർത്തിവെച്ച സിപിഎം ജില്ലാസമ്മേളനം പുനരാരംഭിക്കാനുള്ള രാഷ്ട്രീയതന്ത്രമാണെന്നാണ് സൂചന. രോഗവ്യാപനത്തിന്റെ തീവ്രതയിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ദിവസേന ഇരുപത്തിനായിരത്തിൽ കൂടുതൽ കോവിഡ് രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് വന്നിട്ടുണ്ട്. എന്നാൽ ഇതിനെ കാര്യമായ കുറവെന്ന് പറയാൻ സാധിക്കില്ല. അതേസമയം സർക്കാർ ഈ ചെറിയ രീതിയിലുള്ള വ്യത്യാസത്തെ മറയാക്കി നിയന്ത്രണങ്ങൾക്ക് അയവ് വരുത്താനാണ് ശ്രമിക്കുന്നത്. കാരണം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാലുവരെ കൊച്ചിയിൽ നടത്താനാണ് തീരുമാനം. പാർട്ടി കോൺഗ്രസ് ഏപ്രിലിലും മാറ്റിവെച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി അവസാനവും നടത്തും. ഇതുസംബന്ധിച്ച് ഫെബ്രുവരി 17 മുതൽ 20 വരെ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ന് നടക്കുന്ന അന്തിമ യോഗത്തിൽ ഇളവ് നൽകാൻ സാധ്യത ഉള്ളതിനാൽ സമ്മേളനങ്ങൾ മാറ്റേണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.
ജനുവരി 28, 29, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റുകയായിരുന്നു. ഹൈക്കോടതി വിധിയെത്തുടർന്നു കാസർകോട് ജില്ലാ സമ്മേളനം ഒറ്റ ദിവസത്തിലൊതുക്കാൻ നിർബന്ധിതമായ സിപിഎം, പിന്നീട് തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു. നിരവധി വിവാദങ്ങൾക്ക് വഴിവെച്ചതായിരുന്നു സിപിഎം സമ്മേളനം. നിയന്ത്രണങ്ങൾക്കിടയിലും അഞ്ഞൂറിലധികം ആളുകളെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് തിരുവാതിര സംഘടിപ്പിച്ചതും സർക്കാരിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. അതിന്ശേഷം കാസർകോട് ജില്ലയിൽ പൊതുപരിപാടികള്‍ നിരോധിച്ചുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പിന്‍വലിച്ചതും ചർച്ചയായിരുന്നു.
തുടർന്നാണ് കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ ഹൈക്കോടതി വിലക്കിയത്. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചത് സർക്കാരിനും ഇടത് മുന്നണിയ്ക്കും വലിയ തിരിച്ചടിയായിരുന്നു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാഘോഷത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ വീണ്ടും സർക്കാർ ഇളവുകൾ ഏർപ്പെടുത്തുന്നത് രാഷ്ട്രീയ തന്ത്രമാണെന്നാണ് വിലയിരുത്തൽ.