റാന്നി : കനത്ത മഴയിൽ കോൺക്രീറ്റ് ചെയ്ത ഉടനെ ഉപരിതലം ഒലിച്ചുപോയ റോഡ് പുനരുദ്ധാരണം നടത്തി കരാറുകാരന്‍ തടിതപ്പിയതായി ആക്ഷേപം. വടശേരിക്കര പഞ്ചായത്തിലെ ചെറുകുളഞ്ഞി ഒന്നാം വാർഡിലാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നത്. മഴക്കെടുതികള്‍ക്കിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് ലംഘിച്ചാണ് കരാറുകാരന്‍ പണി നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.
കനത്ത മഴയിൽ കോൺക്രീറ്റ് ചെയ്ത റോഡിന്‍റെ ഉപരിതലം മുഴുവന്‍ ഒലിച്ചുപോയി. ചെറുകുളഞ്ഞി പള്ളിപടി പഞ്ചായത്ത് റോഡിൻ്റെ കോൺക്രീറ്റിലാണ് പരാതി ഉയർന്നത്. രണ്ടു റോഡുകളില്‍ ഒന്ന് കോൺക്രീറ്റും, മറ്റൊന്ന് റീകോൺക്രീറ്റുമായാണ് കരാർ ചെയ്തിരുന്നത്. ഇതിൽ പുതിയ കോൺക്രീറ്റ് രാവിലെ ചെയ്ത് തീർന്നിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം, റോഡ് പൊളിഞ്ഞ ഭാഗം റീകോൺക്രീറ്റ് ചെയ്ത് പടുത മൂടിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് പടുതക്കുള്ളിലൂടെ വെള്ളം ഇറങ്ങി കോൺക്രീറ്റിൻ്റെ ഉപരിതല ഭാഗം ഒലിച്ചുപോകുകയായിരുന്നു.
സംഭവം പരാതിയായതോടെ കരാറുകാരൻ തകരാറിലായ ഭാഗം വീണ്ടും പുനരുദ്ധരിച്ചു. കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് അനുവദിച്ച 1.75 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിര്‍ദേശമുള്ളതിനാലാണ് തിടുക്കത്തിൽ ചെയ്തു തീർത്തതെന്ന് കരാറുകാരൻ പറഞ്ഞു.