വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിവരം. പെന്റഗണ്‍ പുറത്തുവിട്ട ഡാറ്റകള്‍ പ്രകാരം 18 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 23-ഓളം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ 820-ലധികം യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധ വകുപ്പിലെ ആഭ്യന്തര വിവരങ്ങള്‍ അറിയാവുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്ക് പുറമെ മൂന്ന് യുഎസ് കോണ്‍ട്രാക്ടര്‍മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുറത്തുവിടാത്ത മരണങ്ങള്‍ സംഭവിച്ചത് ഒരുപക്ഷെ സൈനിക നീക്കങ്ങള്‍ക്കിടയില്‍ ആയിരിക്കില്ലെന്നാണ് വിലയിരുത്തല്‍. ക്യാമ്പിലുണ്ടായ അപകടങ്ങളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ സൈനികരുടെ മരണത്തിന് കാരണമായിരിക്കാം.
കൊല്ലപ്പെട്ട ചില സൈനികരുടെ വിവരങ്ങള്‍ പെന്റഗണിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. എന്നാല്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് റിപ്പോർട്ടിലെ വാദങ്ങൾ തള്ളി. പ്രസ്തുത ആരോപണങ്ങള്‍ തെറ്റാണെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ പെന്റഗണും ഇതുവരെ തയ്യാറായിട്ടില്ല.































