ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനീസ് കൈയേറ്റങ്ങളോട് എന്തിനാണ് മൃദുസമീപനമെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് ചൈന നൽകിയ പിന്തുണയിലും നിലപാട് മയപ്പെടുത്തിയത് എന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് ചോദിച്ചു. ഇന്ത്യ-ചൈന ചർച്ചക്ക് പിന്നാലെ പ്രധാനമന്ത്രിയോട് നാല് ചോദ്യങ്ങളുമായും കോൺഗ്രസ് രംഗത്തെത്തി. എഐസിസി ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) എം.പി ജയറാം രമേശാണ് പ്രസ്താവന ഇറക്കിയത്.2020 ജൂൺ 19-ന് ചൈനയ്ക്ക് നിങ്ങൾ നൽകിയ കുപ്രസിദ്ധമായ ക്ലീൻ ചിറ്റ് ഇന്ത്യയെ ദുർബലപ്പെടുത്തിയില്ലേയെന്നും കോൺഗ്രസ് ചോദിച്ചു.
ചൈനീസ് സൈന്യവുമായുള്ള കൈയാങ്കളിയിൽ നമ്മുടെ 20 സൈനികർ പരമോന്നത ത്യാഗം സഹിച്ചു. 2020 ജൂൺ 19-ന്, ആരും നമ്മുടെ അതിർത്തിയിൽ പ്രവേശിച്ചിട്ടില്ല, ആരും അവിടെ കൈയേറിയിട്ടില്ല എന്ന പ്രസ്താവന ഇതുവരെ തിരുത്തിയിട്ടില്ല. ഇത് പിന്നീട് നടന്ന ചർച്ചകളിൽ നമ്മുടെ നിലപാടിനെ കാര്യമായി ദുർബലപ്പെടുത്തിയില്ലേയെന്നും കോൺഗ്രസ് ചോദിച്ചു.കിഴക്കൻ ലഡാക്കിലെ വലിയൊരു മേഖലയിലുണ്ടായിരുന്ന നമ്മുടെ പരമ്പരാഗത പട്രോളിംഗ് അവകാശങ്ങൾ അടിയറവ് വെക്കപ്പെട്ടു.
അതേസമയം അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റം നടക്കുന്നതായും പട്രോളിംഗ് പോയിന്റുകളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം നഷ്ടപ്പെടുന്നതായും പുതിയ തർക്കങ്ങൾ ഉടലെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അരുണാചൽ പ്രദേശിൽ പ്രദേശങ്ങളുടെ പേരുകൾ മാറ്റുക, ദക്ഷിണ ടിബറ്റ് എന്ന അവരുടെ അവകാശവാദം വീണ്ടും ഉന്നയിക്കുക, ബ്രഹ്മപുത്രയുടെ ഗ്രേറ്റ് ബെൻഡിൽ 60,000 മെഗാവാട്ടിന്റെ മെഡോഗ് മെഗാ ഡാം നിർമ്മാണവുമായി മുന്നോട്ട് പോവുക തുടങ്ങിയ നീക്കങ്ങളുമായി ചൈന മുന്നോട്ട് പോകുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
































