തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. നിലപാടുകളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തന്റെ സുഹൃത്തായ വി.ഡി സതീശൻ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ നില കുറച്ച് പാടാകുമെന്നാണ് തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെഎസ്ആർടിസി പ്രിയദർശിനി സൗജന്യയാത്ര ചൂണ്ടികാണിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രതികരണം.
അതേസമയം സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകരുതെന്ന് പ്രതിനിധികൾക്ക് അദ്ദേഹം കർശന നിർദേശം നൽകി. ഉൾപ്പാർട്ടി വിമർശനങ്ങൾ പുറത്തുപറയുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലായെന്നും തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ട് പോകുമെന്നും നാലുതരം വിമർശകരാണ് പാർട്ടിക്ക് ചുറ്റുമുള്ളതെന്നും ഈ പാർട്ടിയെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് വിമർശിക്കുന്നവരെ ഉൾകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.






























