പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു ഡി എഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തുന്ന വ്യാജപ്രചാരണങ്ങൾ മുൻ കെ.എസ്.ഇ.ബി സി.എം.ഡി ഡോ. ബി. അശോകിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞതായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പ്രസ്താവനയിൽ പറഞ്ഞു. കരാർ റദ്ദാക്കിയ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ തന്നെപ്പറ്റി ഒരു പരാമർശവുമില്ലെന്നും ഡോ. ബി. അശോക് വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ (യൂണിറ്റിന് 3.06 രൂപയ്ക്ക്) വൈദ്യുതി ലഭ്യമാകുമായിരുന്ന ചരിത്രപരമായ കരാർ റദ്ദാക്കാൻ കാരണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങളും വീഴ്ചകളുമാണ്.
ഒപ്പിടുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര നയത്തിന് വിരുദ്ധമായി 2014-ൽ കെ.എസ്.ഇ.ബി ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കരാർ റദ്ദാക്കേണ്ടി വന്നത്. ഡൽഹിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഒപ്പിടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കരാർ വേണ്ടെന്ന് തീരുമാനിച്ചത് അന്നത്തെ എൽ.ഡി.എഫ് സർക്കാരാണെന്ന് ബി. അശോക് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കരാറിന്റെ ഭാഗമായ ഉദ്യോഗസ്ഥർ തന്നെയാണ് പിന്നീട് പിണറായി വിജയന്റെ അടുത്ത ഉദ്യോഗസ്ഥരായത്. സ്വന്തം ഭരണകാലത്തുണ്ടായ വീഴ്ചകളും അഴിമതിയും മറച്ചുവെക്കാനാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇപ്പോൾ വാർത്താസമ്മേളനങ്ങളിലൂടെ സർക്കാരിനെയും ഉദ്യോഗസ്ഥരെയും പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.
കാലാവധി കഴിഞ്ഞ മണിയാറ് ജലവൈദ്യുത പദ്ധതി ജനനന്മയ്ക്കായി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി മേഖലയിൽ വരുത്തിവെച്ച നഷ്ടങ്ങളും ദുരൂഹമായ കരാർ പിന്മാറ്റങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും നിലവിലെ സർക്കാരിനെതിരെയും പ്രതിപക്ഷ നേതാവ് നടത്തുന്ന അസത്യ പ്രചാരണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.
































