തൃശൂര്‍: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ്ങ് സീറ്റുകളില്‍ സിപിഎമ്മിനുണ്ടായ പരാജയത്തിനും കാരണം കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ഒറ്റയ്ക്ക് ജയിക്കാമെന്ന തന്‍പ്രമാണിത്തമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായതെന്നും പിണറായി വിജയന്‍ പറഞ്ഞു. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഒപ്പം കൂട്ടേണ്ടവരെ കൂട്ടിയില്ല. മതേതര കക്ഷികളെ ഒന്നിപ്പിക്കുവാനും കോണ്‍ഗ്രസിനായില്ല. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുമായില്ല. കോണ്‍ഗ്രസിന്റെ യോജിപ്പില്ലായ്മയാണ് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുളങ്കുന്നത്തുകാവ് കിലയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്. വര്‍ഗീയത പ്രചരിപ്പിക്കുന്നവരില്‍നിന്ന് എന്തു വ്യത്യാസമാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനുള്ളതെന്നു അദ്ദേഹം ചോദിച്ചു. ഹനുമാൻ സേവകനാണെന്നു പറഞ്ഞാണ് കമല്‍നാഥ് രംഗത്തു വന്നത്. ഇതോടെ ബിജെപിയുടെ ബി ടീമാകാനാണ് അദ്ദേഹം ശ്രമിച്ചത്. ബിജെപിയെ ശക്തിപ്പെടുത്തുന്ന നിലപാടല്ല സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നു തന്നെയാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിൽ രണ്ട് സീറ്റാണ് സിപിഎമ്മിനുണ്ടായിരുന്നത്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ രണ്ടിടത്തും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെട്ടു.