തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം. ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലാണ് ആദ്യഘട്ടത്തിൽ നേതൃ മാറ്റമുണ്ടാകുക. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡി.സി.സി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം.ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പ്രധാന ചർച്ച സംഘടന പുനഃസംഘടന സംബന്ധിച്ചതാകുമെന്നാണ് റിപ്പോർട്ട്. പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഡി.സി.സികളിലെ നേതൃമാറ്റം പ്രാബല്യത്തിൽ വരുത്തുക. പാർട്ടിക്ക് ഹാനികരമാകുന്ന രീതിയിൽ സജീവ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും മാറ്റാനിടയുണ്ട്.
എന്നാൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ഡി.സി.സി അധ്യക്ഷന്മാർക്ക് മാറ്റത്തിന് സാധ്യതയില്ല. മികച്ച പ്രവർത്തനം കാഴ്ചവെച്ചതുകൊണ്ടാണ് പുനഃസംഘടനയിൽ നിന്ന് നാല് ഡി.സി.സികളെ ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ ചില ഭാരവാഹികളെ മാറ്റാനും സാധ്യതയുണ്ട്. ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് നിർദേശമുണ്ട്.എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ ഉൾപ്പടെ നടക്കാനിരിക്കെ ഭാരവാഹികളുടെ എണ്ണം കുറക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡ് നിലപാട് കാത്തിരിക്കയാണ് കോൺഗ്രസ് പ്രവർത്തകർ.