ലഖ്നൗ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ ജനങ്ങൾക്ക് കോൺഗ്രസ് വമ്പൻ വാഗ്ദാനങ്ങൾ നൽകുന്നത് തുടരുന്നു. യുപിയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ പുതിയ വാദ്ഗാനം. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഈ വാഗ്ദാനം നൽകിയത്.
‘കോവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളുടെ ദയനീയ അവസ്ഥ എല്ലാവരും കണ്ടതാണ്. നിലവിലെ സർക്കാരിന്റെ അലംഭാവവും അവഗണനയും ആണ് ഇതിന്റെ പിന്നിൽ. യുപിയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽവന്നാൽ എന്ത് അസുഖത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും. പത്ത് ലക്ഷം വരെയുള്ള ചികിത്സാ ചിലവ് സർക്കാർ വഹിക്കും’ – പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയുടെ അനുമതിയോടെയാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
നേരത്തെ ബരാബങ്കിയിൽനിന്ന് പ്രതിജ്ഞാ യാത്രയ്ക്ക് തുടക്കം കുറിച്ച പ്രിയങ്ക ജനങ്ങൾക്ക് ഏഴ് വാഗ്ദാനങ്ങൾ നൽകിയിരുന്നു. 20 ലക്ഷം യുവാക്കൾക്കും തൊഴിൽ നൽകും കാർഷിക കടങ്ങൾ എഴുതിത്തള്ളും എന്നിവ അടക്കമുള്ള വാഗ്ദാനങ്ങളൈാണ് പ്രിയങ്ക നൽകിയത്. ക്വിന്റലിന് 2500 രൂപ നൽകി ഗോതമ്പും 400 രൂപ നിരക്കിൽ കരിമ്പും സംഭരിക്കും എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും എന്നീ വാഗ്ദാനങ്ങളും കോൺഗ്രസ് നൽകിയിട്ടുണ്ട്.
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക സ്ത്രീകൾക്കുവേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിയിലെ വിദ്യർഥിനികൾക്ക് സ്മാർട്ട് ഫോണും വൈദ്യുത സ്കൂട്ടറും അടക്കമുള്ള വാഗ്ദാനങ്ങളും പ്രിയങ്ക നേരത്തെ നൽകിയിരുന്നു. 12-ാം ക്ലാസ് പാസാകുന്ന പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും ബിരുദ തലത്തിലുള്ള പെൺകുട്ടികൾക്ക് ഇ-സ്കൂട്ടറും നൽകുമെന്നായിരുന്നു പ്രിയങ്കയുടെ വാഗ്ദാനം.