കോട്ടയം: കോണ്‍ഗ്രസ് വിമത പാര്‍ട്ടിയില്‍ തിരിച്ചെത്തിയതോടെ എല്‍ഡിഎഫും -യു ഡി എഫും തുല്യതയിലായി.കോട്ടയം നഗരസഭയുടെ 52-ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമത ബിന്‍സി യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഡിസിസിയില്‍ എത്തിയാണ് ബിന്‍സി സെബാസ്റ്റ്യന്‍ പിന്തുണ അറിയിച്ചത്. 52 അംഗ കൗണ്‍സിലില്‍ നിലവില്‍ എല്‍ഡിഎഫ് -22, യുഡിഎഫ്-21, ബിജെപി-8 സ്വതന്ത്ര – 1 എന്നിങ്ങനെയാണ് കക്ഷി നില. ബിന്‍സി യുഡിഎഫിനെ പിന്തുണച്ചതോടെ ഇരുമുന്നണികള്‍ക്കും 22 അംഗങ്ങള്‍ വീതമാവും.
ഇതോടെ നറുക്കെടുപ്പിലൂടെ ഭരണം ആര്‍ക്ക് എന്ന് നിശ്ചയിക്കേണ്ടി വരും. യുഡിഎഫിന് ഭരണം കിട്ടിയാല്‍ അഞ്ചുവര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭയിലും സ്വതന്ത്ര പിന്തുണ യുഡിഎഫിനാണ്. ഇതോടെ ഭരണം യുഡിഎഫിന് ലഭിച്ചേക്കും. നിലവില്‍ ഏറ്റുമാനൂരില്‍ എല്‍ഡിഎഫ്-12, യുഡിഎഫ്-13, ബിജെപി-7, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് കക്ഷി നില.