ആലപ്പുഴ : ജില്ലയിൽ യു.ഡി.എഫ്. സീറ്റുചർച്ചയ്ക്കു നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്കു കൂട്ടത്തോടെ കോവിഡ്. കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷൻ എം. ലിജു, കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ എം.എൽ.എ. എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ക്വാറന്റീനിലാണ്. ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് പിടിപെട്ടത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്.
പാർട്ടിയിലെ ഗ്രൂപ്പുതർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള കെ.പി.സി.സി. ഉപസമിതിയിൽ പി.സി. വിഷ്ണുനാഥ്, സി.ആർ. ജയപ്രകാശ്, എം. മുരളി എന്നീ നേതാക്കളാണുണ്ടായിരുന്നത്. വിഷ്ണുനാഥിനു രോഗം സ്ഥിരീകരിച്ചതോടെ ജയപ്രകാശും മുരളിയും ക്വാറന്റീനിൽ പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഇവരെല്ലാം ഡി.സി.സി. ഓഫീസിൽ സ്ഥാനാർഥി തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിൽ പങ്കെടുത്തിരുന്നു.
നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനദിനമായ വ്യാഴാഴ്ചയാണ് കോവിഡ്‌ഫലം പുറത്തുവന്നത്. ഇതോടെ തർക്കംതീരാത്ത സ്ഥലങ്ങളിൽ അവകാശവാദമുന്നയിക്കുന്നവരോടെല്ലാം പത്രിക നൽകാൻ നിർദേശിച്ചെന്ന് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ പറഞ്ഞു. സീറ്റുവിഭജനം, സ്ഥാനാർഥിനിർണയം എന്നിവയുമായി ബന്ധപ്പെട്ട് ഇവരുമായി ഇടപെടാത്ത യു.ഡി.എഫ്. നേതാക്കൾ ചുരുക്കമാണ്.
പലവാർഡുകളിലും കൂട്ടത്തോടെ പത്രികനൽകാൻ ആവശ്യപ്പെട്ടതും പുലിവാലാകും. ഒരാളെയൊഴികെ ബാക്കിയെല്ലാവരെയും രണ്ടുദിവസത്തിനുള്ളിൽ പിന്തിരിപ്പിക്കണം. അതിനുള്ള ചർച്ച ഫോണിൽ നടത്തേണ്ടിവരും. നേരിട്ടു ചർച്ചചെയ്തിട്ടു തീരാത്തവിഷയം ഫോണിൽ തീർക്കേണ്ടിവരുന്നതാണു വെല്ലുവിളി.