ഡൽഹി: ബാലസോര്‍ ട്രെയിന്‍ ദുരന്ത ബാധിതര്‍ക്കായി പത്തുകോടി രൂപ നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പ് കേസ് പ്രതി സുകാഷ് ചന്ദ്രശേഖര്‍ റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി. നിയമപരമായി താന്‍ സമ്പാദിച്ച പണത്തില്‍ നിന്നാണ് ഈ സംഭാവനയെന്നും മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തില്‍ സുകാഷ് പറയുന്നു. ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പണം ഉപയോഗിക്കണമെന്നും സുകാഷ് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് ട്രെയിന്‍ ദുരന്തമെന്നും തന്നെ വല്ലാതെ ബാധിച്ചെന്നും സുകാഷ് കത്തില്‍ കുറിച്ചു. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലാണ് ദുരന്തബാധിതരെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ ഉദ്യമത്തോടൊപ്പം താന്‍ പങ്കാളിയാകുന്നതെന്നും സുകാഷ് വ്യക്തമാക്കുന്നു.
ശാരദാ ഫൗണ്ടേഷന്‍, ചന്ദ്രശേഖര്‍ കാന്‍സര്‍ ഫൗണ്ടേഷന്‍, എല്‍എസ് ഫൗണ്ടേഷന്‍ തുടങ്ങി താന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. ചലച്ചിത്രതാരങ്ങള്‍, രാഷ്ട്രീയ– ബിസിനസ് പ്രമുഖര്‍ എന്നിവരില്‍ നിന്ന് ശതകോടികളാണ് സുകാഷ് തട്ടിച്ചത്. മരുന്ന് കമ്പനിയായ റാന്‍ബാക്സി ഉടമ ശിവേന്ദര്‍ മോഹന്‍സിങിന്റെ ഭാര്യ അദിതിയില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് സുകാഷ് തട്ടിയെടുത്തത്. കേസില്‍ സുകാഷും ഭാര്യ ലീനയും ജയിലിലാണ്.