കോന്നി : വേനൽ കടുത്തതോടെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കടവിലെ ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് മണൽ ഉപയോഗിച്ച് തടയണ നിർമിച്ചു തുടങ്ങി. കടവ് ആഴം കൂട്ടിയപ്പോൾ നീക്കം ചെയ്ത മണൽ ആണ് തടയണ നിർമിക്കാൻ ഉപയോഗിക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആണ് നിർമ്മാണം. കല്ലാറിലെ ജല നിരപ്പ് കുറയുമ്പോൾ കുട്ടവഞ്ചികൾ സഞ്ചരിക്കാൻ ബുദ്ധിമുട്ട് വരുമ്പോൾ ആണ് വനം വകുപ്പ് ഇത്തരത്തിൽ തടയണ നിർമ്മിക്കുന്നത്. മുൻപ് മണൽ ചാക്കുകൾ നിറച്ചാണ് തടയണ നിർമ്മിച്ചിരുന്നത്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചിൽ തൊഴിലാളികൾ ആണ് ചാക്കുകൾ മണൽ നിറച്ച് അടുക്കിയിരുന്നത്.
എന്നാൽ മഴക്കാലം ആകുമ്പോഴേക്കും ഈ തടയണ പൊളിഞ്ഞുപോവുകയും ചെയ്യും. ഈ ബുദ്ധിമുട്ട് പരിഹരിക്കുവാൻ സ്ഥിരമായ സംവിധാനം ഏർപ്പെടുത്തണം എന്നും ആവശ്യം ഉയരുന്നുണ്ട്. നല്ല മഴ ലഭിച്ചെങ്കിൽ മാത്രമേ കുട്ടവഞ്ചി സവാരി സുഗമമായി നടത്തുവാൻ സാധിക്കുകയുള്ളു. വെള്ളം കുറയുമ്പോൾ നദിയുടെ അടിത്തട്ടിലെ കല്ലുകൾ കുട്ടവഞ്ചിയുടെ അടി ഭാഗത്ത് തട്ടുന്നത് സവാരിക്ക് തടസമാകും. കുട്ടവഞ്ചികൾക്ക് കേടുപാടുകൾ സംഭവിക്കുവാനും ഇത് കാരണമായി തീരും. സ്ഥിരം തടയണ സംവിധാനം ഏർപ്പെടുത്തിയാൽ ഇതിന് ഒരു പരിഹാരമാകും.