ചെങ്ങന്നൂർ : നൂറുകോടിയുടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ആറുമാസത്തിനുള്ളിൽ നാടിനു സമർപ്പിച്ചേക്കും. ആശുപത്രിയുടെ എട്ടാമത്തെ നിലയുടെ കോൺക്രീറ്റിങ് ജോലികളും കഴിഞ്ഞദിവസം പൂർത്തിയായി. ഇനി കെട്ടിടങ്ങൾക്കുള്ളിലെ ജോലികളാണു നടക്കേണ്ടത്. നിർമാണം അവസാനഘട്ടത്തിലെത്തിയതോടെ ജില്ലാശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഓരോ വിഭാഗത്തിലും അത്യാധുനിക മോഡ്യുലാർ തിയേറ്ററുകൾ വേണമെന്ന ആവശ്യം ആരോഗ്യവകുപ്പ് പരിഗണിക്കുന്നുണ്ട്.
എം.സി. റോഡിരകിലെ ആശുപത്രിയിൽ ട്രോമാ കെയർ അത്യാഹിതവിഭാഗവും ഒരുക്കുന്നുണ്ട്. 210 കിടക്കകളുണ്ടാകുമെന്നാണ് സൂചന. രക്തബാങ്ക്, ഡി അഡിക്‌ഷൻ സെന്റർ എന്നിവയും ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പധികൃതർ പറയുന്നത്. കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷനെ തിയേറ്ററുകളുടെ നിർമാണച്ചുമതല ഏൽപ്പിക്കാനാണ് തീരുമാനം. മോഡ്യുലാർ തിയേറ്ററുകൾ എത്രയെണ്ണം വേണമെന്നതിനെ സംബന്ധിച്ച് കിഫ്ബിയും പഠനം നടത്തുന്നുണ്ട്. നേരത്തേ നിർമാണം നടത്തിയ ആശുപത്രികളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തിയശേഷമായിരിക്കും ഏതൊക്കെ വിഭാഗത്തിന് തിയേറ്ററുകൾ വേണമെന്നത് അന്തിമമായി തീരുമാനിക്കുക. ട്രോമാകെയർ വിഭാഗവും അനുബന്ധ തിയേറ്റർ സംവിധാനവും വേണമെന്നയാവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. ഇപ്പോൾ എം.സി. റോഡിൽ വാഹനാപകടത്തിൽപ്പെടുന്നവരെ ആലപ്പുഴയിലെയോ കോട്ടയത്തെയോ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കാണ് റഫർചെയ്യുന്നത്.