മല്ലപ്പള്ളി: ചുങ്കപ്പാറ – കോട്ടാങ്ങല്‍ (സി.കെ) റോഡ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. റോഡ് ഉന്നത നിലവാരത്തില്‍ ഉയര്‍ത്തി ടാറിങ് നടത്തുന്നതിന് 1.89 കോടി രൂപ അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നിര്‍മ്മാണ പ്രവൃത്തികള്‍ എങ്ങുമെത്തിയിട്ടില്ല. റോഡില്‍ മൂന്ന് കലുങ്കുകളുടെ നിര്‍മ്മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ളത്. മറ്റുള്ള പണികള്‍ ഒന്നും നടക്കുന്നില്ല. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നീണ്ടകാലത്ത കാത്തിരിപ്പിനുനൊടുവിലാണ് ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഫണ്ട് അനുവദിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കുന്നത് വൈകുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറിങ് ജോലികള്‍ നടത്തിയതല്ലാതെ പിന്നെ അറ്റകുറ്റ പണികള്‍ ഒന്നും ഇവിടെ നടത്തിയിട്ടില്ല. റോഡിലെ ടാറിങ് പൂര്‍ണമായും ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ നിരന്നു കിടക്കുന്ന മെറ്റല്‍ തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും പതിവാണ്. വിദ്യാര്‍ഥികള്‍ അടക്കം നൂറു കണക്കിന് കാല്‍ നടയാത്രക്കാര്‍ ആശ്രയിക്കുന്ന സി.കെ റോഡ് അധികൃതരുടെ അനാസ്ഥ കാരണം ഇപ്പോള്‍ കാല്‍ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ റോഡിന്റെ വശങ്ങള്‍ കുഴിച്ചതോടെ ദുരിതം ഏറെയായി. മഴ പെയ്യുമ്പോള്‍ റോഡ് മുഴുവന്‍ ചെളിയും വെള്ളക്കെട്ടുമാണ്. ചുങ്കപ്പാറ – കോട്ടാങ്ങല്‍ പ്രധാന റോഡില്‍ വാഹന ഗതാഗത തടസ്സം ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്ന ബൈപ്പാസ് റോഡു കൂടിയാണിത്. രോഗികളുമായി ഹോസ്പിറ്റലുകളില്‍ പോകുന്നതിനു പോലും വാഹനം വിളിച്ചാല്‍ റോഡിന്റെ ശോച്യാവസ്ഥ കാരണം ആരും വരില്ലെന്നു നാട്ടുകാര്‍ പറയുന്നു.