ഓമല്ലൂര്‍ : വീട് നിര്‍മാണം നിലച്ചത് മൂലമുണ്ടായ മനോവിഷമത്തില്‍ ജീവനൊടുക്കിയ ഓമല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പള്ളം പറയനാലി ബിജു ഭവനില്‍ ഗോപിയുടെ (70) വീട് നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ഗോപിയുടെ കുടുംബത്തെ സഹായിക്കാനും അടിയന്തിരമായി വീടിന്‍റെ മേല്‍ക്കൂര വാര്‍ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. ഗോപിയുടെ കുടുംബത്തെ സഹായിക്കാന്‍ ഒരു പ്രമുഖ ടിവി ചാനല്‍ രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.
ഈ പണം കൊണ്ട് വീടിന്റെ മേല്‍ക്കൂര പത്ത് ദിവസത്തിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്യും. ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്ത് കൊടുക്കാനുള്ള ബാക്കി രണ്ട് ലക്ഷം രൂപ അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലൈഫ് മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ താമസിയാതെ അത് ലഭ്യമാക്കാം എന്നാണ് വിചാരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വീട് പണിപൂര്‍ത്തിയാക്കി ഗോപിയുടെ ആഗ്രഹം പോലെ ഭാര്യ ലീലയെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് വേണ്ടി എല്ലാ സഹായങ്ങളും പഞ്ചായത്ത് ചെയ്തു കൊടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ 11 ന് രാവിലെ എട്ടു മണിയോടെ സന്തോഷ്മുക്ക്മുട്ടുകുടുക്ക റോഡില്‍ പള്ളം ഭാഗത്തെ സ്വന്തം വീടിന് മുന്നിലുള്ള റോഡില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. ഗോപിയെ കാണാതെ വന്നപ്പോള്‍ അന്വേഷിച്ചിറങ്ങിയ ബന്ധുവാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് മരിച്ചത് ഗോപിയാണെന്ന് ഉറപ്പിച്ചത്.
.





























