കുമ്പഴ : വീതി കുറവായ കുമ്പഴ പാലത്തിനോട് ചേര്‍ന്ന് നിര്‍മ്മാണം ആരംഭിച്ച സമാന്തര നടപ്പാലം പണി പാതി വഴിയില്‍ മുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അച്ചന്‍കോവിലാറിന് കുറുകെ നിലവിലുള്ള പാലത്തിന് ആറുമീറ്റര്‍ വീതി മാത്രമാണ് ഉള്ളത്. ഇത് മൂലം വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രകാര്‍ ഓടിമാറിയില്ലെങ്കില്‍ അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഇതിന് പരിഹാരമായാണ് കുമ്പഴ പാലത്തിന് സമാന്തരമായി നടപ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നാല് മീറ്റര്‍ വീതിയും മൂന്ന് തൂണുകളുമുള്ള നടപ്പാലമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ മൂന്ന് തൂണുകളും കെട്ടി ഉയര്‍ത്തിയപ്പോഴാണ് കുമ്പഴക്കരയില്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തത്. അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഭൂമി പുറമ്പോക്ക് ആണെന്നായിരുന്നു റവന്യു വകുപ്പ് കെ.എസ്.റ്റി.പി ക്ക് നല്‍കിയ കത്ത്. ഇതിനാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും ഈ ഭൂമി ഒഴിവാക്കുകയായിരുന്നു. നടപ്പാലം നിര്‍മ്മാണം നടക്കുമ്പോഴാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് സ്ഥലം സ്വകാര്യ ഭൂമിയാണോ പുറംപോക്ക് ഭൂമിയാണോ എന്നത് സംബന്ധിച്ച് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.റ്റി.പി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.
എന്നാല്‍ കുമ്പഴയിലെ റീ സര്‍വ്വേ പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഭൂമി ഏതാണെന്ന് വ്യക്തമായി പറയുവാന്‍ കഴിയു എന്നായിരുന്നു റവന്യു വകുപ്പ് കെ.എസ്.റ്റി.പി ക്ക് നല്‍കിയ മറുപടി. കോന്നി മുതല്‍ പ്ലാച്ചേരി വരെയുള്ള റോഡ് വികസനം പൂര്‍ത്തിയായതോടെ കരാറുകാരും മടങ്ങി. തര്‍ക്കമുള്ള സ്ഥലത്തെ വീതി കൂട്ടല്‍, സംരക്ഷണ ഭിത്തി നിര്‍മ്മാണം, നടപ്പാത തുടങ്ങി എല്ലാ ജോലികളും ഉപേക്ഷിച്ചാണ് സംസ്ഥാന പാതയുടെ ടാറിംഗ് പൂര്‍ത്തിയാക്കിയത്. പാലത്തിനായി നിര്‍മ്മിച്ച തൂണിന്റെ അടിഭാഗത്തെ മണ്ണ് മുഴുവന്‍ ഒലിച്ച് പോയ അവസ്ഥയിലാണ് ഇപ്പോള്‍. പ്രളയത്തിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചത്.
കോന്നി മുതല്‍ പ്ലാച്ചേരി വരെയുള്ള റോഡിലെ 30.16 കിലോമീറ്റര്‍ 274.24 കോടി രൂപയ്ക്കാണ് ഇ.കെ.കെ കമ്പനി നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത്. മൈലപ്രയ്ക്കും മണ്ണാറക്കുളഞ്ഞിക്കും ഇടയിലുള്ള കൊടുംവളവിലെ നിര്‍മ്മാണവും കുമ്പഴ നടപ്പാലത്തോടൊപ്പം തര്‍ക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഈ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസ് കോടതിയിലെത്തിയതോടെ പതിമൂന്ന് ലക്ഷം രൂപ കെ.എസ്.റ്റി.പി ഭൂ ഉടമയ്ക്ക് നല്‍കാന്‍ കോടതിയില്‍ കെട്ടിവെച്ചു. ഇത് വാങ്ങാന്‍ ഉടമ തയ്യാറാകാതെ വന്നതാണ് ഈ ഭാഗത്തെ നിര്‍മ്മാണം ഉപേക്ഷിക്കാന്‍ കാരണം. സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയെങ്കിലും കുമ്പഴ സമാന്തര നടപ്പാലം ഇന്നും ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്.


































