തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായതോടെ പ്രതികളെ പിടികൂടുവാന്‍ തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം തെങ്ങോലി പള്ളിത്തറ മഞ്ജുവിന്റെ തട്ടുകടയില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ മോഷണം നടന്നത്. കഴിഞ്ഞ രാത്രിയില്‍ വാതിലിന്റെ താഴ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്ന് സിലിണ്ടര്‍ മോഷ്ടിച്ചത്. കാഞ്ഞിരംപറമ്പില്‍ പടിയിലുള്ള തമിഴ്നാട് സ്വദേശിയുടെ ബജ്ജിക്കടയിലും കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നിരുന്നു. ഇവിടെയും താഴ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടക്കുവാന്‍ ശ്രമിച്ചത്. മോഷ്ടാവ് കടയ്കുള്ളില്‍ കടന്നുവെങ്കിലും സിലിണ്ടര്‍ കടയോട് ചേര്‍ന്നുള്ള വീടിനുള്ളില്‍ ആയിരുന്നതിനാല്‍ മോഷണ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തോണ്ടറ പാലത്തിന് സമീപമുള്ള തമിഴ്നാട് സ്വദേശിയുടെ ബജിക്കടയുടെ പൂട്ടുപൊളിച്ച് രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ കവര്‍ന്നത്. വലിയ അടച്ചുറപ്പില്ലാത്ത താല്‍ക്കാലിക ഷെഡുകളിലും ഉന്തുവണ്ടികളിലും മറ്റുമാണ് ബജ്ജിക്കടകള്‍ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും ഗ്യാസ് സിലിണ്ടറുകള്‍ ഇവിടെ തന്നെയാവും സൂക്ഷിക്കുക. മോഷണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതോടെ മോഷ്ടാവിനെ പിടികൂടാന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തിരുവല്ല പോലീസ്.





























