വുഹാന്‍ : കൊറോണ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വുഹാനിൽ നിന്നുള്ള 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി. കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 80 വിദ്യാർഥികൾ ഇനിയും വുഹാനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമേ പാകിസ്ഥാനടക്കം മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഇന്ത്യ ചൈനയിൽ നിന്നെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് നിരീക്ഷണത്തിലു ള്ളവരിൽ 20 പേരുടെ പരിശോധനാഫലം ഇനിയും പുറത്തുവരാനുണ്ട്.
കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്കാരെയാണ് ഇതിനകം ചൈനയിൽ നിന്നെത്തിച്ചത്. ഒന്നരലക്ഷത്തോളം പേരെ പരിശോധിച്ചുവെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയിൽ ഉയരുകയാണ്. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. 565 പേരാണ് ചൈനയിലും മറ്റ് രാജ്യങ്ങളിലുമായി കൊറോണ ബാധിച്ച് ഇതിനകം മരിച്ചത്. ചൈനയിൽ മാത്രം 3694 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.