വയനാട്: കേരളത്തില്‍നിന്നും വരുന്നവരെ അതിര്‍ത്തികളില്‍ പരിശോധിക്കുന്നത് ശക്തമാക്കി. കേരള -കര്‍ണാടക അതിര്‍ത്തിയില്‍ മുത്തങ്ങ ചെക് പോസ്റ്റില്‍ കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതരുടെ പ്രത്യേക പരിശോധന ഇന്നും തുടരുന്നു. ബോധവല്‍ക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നു. മൂലഹള്ള ചെക് പോസ്റ്റിലും തമിഴ്‌നാട് അതിര്‍ത്തിയായ ബന്ദിപ്പൂര്‍ ചെക് പോസ്റ്റിലും പരിശോധന നടക്കുന്നുണ്ട്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. വയനാട് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം നാല് മുതല്‍ ആറുപേര്‍വരെയടങ്ങുന്ന സംഘമായാണ് ചാമരാജ് നഗര്‍ ജില്ലാ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങിയത്. കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
രോഗം സംശയിക്കുന്നവരെ ഉടനെ തന്നെ കൂടുതല്‍ പരിശോധനയ്ക്കായി ചാമരാജ് നഗറിലെയും ഗുണ്ടല്‍പേട്ടിലെയും സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. ഈ ആശുപത്രികളില്‍ മലയാളികള്‍ക്കായി പ്രത്യേകം വാര്‍ഡുകളും സജ്ജീകരിച്ചതായാണ് സൂചന. അതേസമയം കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വയനാട്ടില്‍ പഠനയാത്രകള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. വരുന്ന ഫെബ്രുവരി 14വരെയാണ് നിയന്ത്രണം. പ്രത്യേക സംഘത്തെ രൂപീകരിച്ച് ജില്ലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.