തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി കൂടുതല്‍ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടയ്ക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. നിലവില്‍ കാസര്‍കോട് ജില്ല മാത്രമാണ് പൂര്‍ണമായും അടച്ചിട്ടിരിക്കുന്നത്. സംസ്ഥാനത്ത് 64 കൊവിഡ് ബാധിതര്‍ ചികിത്സയിലുണ്ട്.
നിലവില്‍ കേരളത്തിലെ 11 ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്താകെ ഇന്നലെ മാത്രം 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അടുത്തിടെ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ അഞ്ച് പേര്‍ക്കാണ് കാസര്‍കോട് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തും മലപ്പുറത്തും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ പുതുതായി നാല് കേസുകളാണ് ഉള്ളത്. ഇതാദ്യമായാണ് കോഴിക്കോട് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. അബുദാബിയില്‍ നിന്നുള്ള ഒരു സ്ത്രീക്കും ദുബൈയില്‍ നിന്നെത്തിയാള്‍ക്കുമാണ് വൈറസ് ബാധ.