പത്തനംതിട്ട : കൊറോണാ വൈറസിന്റെ പകര്‍ച്ച തടയുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനത്തില്‍ ശക്തമായ പങ്കാളിത്തവുമായി ജില്ലാ പോലീസ്. രോഗം അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സാമൂഹ്യമായ കൂടിച്ചേരലുകള്‍ തടയുന്നതിലും നിരീക്ഷണത്തിലുള്ളവര്‍ അത് ഒഴിവാക്കി കറങ്ങിനടക്കുന്നത് ഒഴിവാക്കുന്നതിലും ജില്ലാ പോലീസ് ഇടപെട്ട് ഉചിതമായ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
ജില്ലയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടാകും. സ്വകാര്യ വാഹനങ്ങളിലെ യാത്രകള്‍ കര്‍ശനമായി നിരീക്ഷിക്കും. വളരെ അത്യാവശ്യമുള്ള യാത്രകള്‍ മാത്രമേ അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായി ഉറപ്പാക്കും.
വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകറങ്ങിനടന്നതിന് ഉള്‍പ്പെടെ ജില്ലയില്‍ ഇതേവരെ കൊറോണയുമായി ബന്ധപ്പെട്ട് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഈ മാസം 13 മുതല്‍ 23 വരെ എടുത്ത കേസുകളാണിത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞുവന്നിരുന്ന ഒരാളും വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 21 പേര്‍ പുറത്തു കറങ്ങിനടന്നതിനു 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയത്തിന് ഒരു കേസും കൂട്ടംകൂടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് റോഡ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും കൊറോണ രോഗം സ്ഥിരീകരിച്ചു എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു. കൂടാതെ യാതൊരുവിവരവും തരാതെ അമേരിക്കയിലേക്കു പോയ രണ്ടുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
കൊറോണ രോഗബാധ തടയുന്നതു ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാരും ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളും പുറപ്പെടുവിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിന് ജില്ലാ പോലീസ് ശക്തമായ നടപടികള്‍ കൈക്കൊണ്ടു വരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പോലീസിനെയും മൊബിലൈസ് ചെയ്തുകഴിഞ്ഞു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കോവിഡ് 19 പ്രതിരോധനടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പോലീസ് ആസ്ഥാനത്ത് നോഡല്‍ ഓഫീസറായി പത്തനംതിട്ട ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.ജോസിനെ നിയമിച്ചു.
ജനമൈത്രി പോലീസിനെ പ്രയോജനപ്പെടുത്തി വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരുന്നവര്‍ പുറത്തിറങ്ങി നടക്കുന്നതും മറ്റും തടയുന്നതിനും ഇത്തരക്കാരെ കണ്ടെത്തി തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുമായി ഇടകലരുന്നത് ഒഴിവാക്കുന്നതിനും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബീറ്റ് ഓഫീസര്‍മാര്‍ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ക്കൊപ്പം ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടുന്നുണ്ട്.
കോവിഡ് 19 പ്രതിരോധനടപടികള്‍ ജനമൈത്രി പോലീസിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ നോഡല്‍ ഓഫീസറായ സി ബ്രാഞ്ച് ഡി.വൈ.എസ്സ്സ്.പി: ആര്‍.സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു വരുന്നു. വാഹനങ്ങള്‍ പരിശോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കൊപ്പം ജില്ലാ പോലീസും കാര്യക്ഷമമായി പങ്കെടുക്കുന്നുണ്ട്.
കൊറോണ രോഗത്തെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരേയും സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേയും ജില്ലാ സൈബര്‍ സെല്ലിന്റെ സേവനം പ്രയോജനപ്പെടുത്തി ശക്തമായ നിയമ നടപടികള്‍ കൈക്കൊണ്ടു വരുന്നതായും ജില്ലാ പോലീസ് മേധാവി വിശദമാക്കി. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കത്തക്ക വിധത്തില്‍ പോസ്റ്റുകള്‍ ഇടുന്നത് ജില്ലാ സൈബര്‍സെല്‍ നിരീക്ഷിച്ചിവരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച കൊറോണ രോഗത്തിന്റെ വ്യാപനം തടയുന്നതിന് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ പോലീസ് സജ്ജമാണ്. അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിന് ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കര്‍ശനമായി നിരീക്ഷിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂട്ടംകൂടി നില്ക്കുന്നതും അനാവശ്യ യാത്രകളും അനുവദിക്കില്ല. അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. സ്വകാര്യ വാഹനത്തില്‍ ഡ്രൈവറെക്കൂടാതെ ഒരാളെക്കൂടി മാത്രമേ അനുവദിക്കൂ. വാഹന പരിശോധനയും മറ്റും മുഴുവന്‍ സമയവും തുടരുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം ജില്ലാ പോലീസ് ആസ്ഥാനത്ത് തുറന്നിട്ടുണ്ട്. ഈ കണ്‍ട്രോള്‍ റൂമിന്റെ ഓഫീസര്‍മാരായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി യേയും പോലീസ് ഇന്‍സ്‌പെക്ടര്‍ അലക്‌സ് ബേബിയേയും നിയമിച്ചു. പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് 9497960970 എന്ന നമ്പറിലേക്ക് വിളിക്കാം. വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനത്തിന് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും ക്രൈംബ്രാഞ്ച്, വിജിലന്‍സ് എന്നീ യൂണീറ്റുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു.