പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയ ആളെ തിരികെ കൊണ്ടുവന്ന് വീണ്ടും വാര്‍ഡില്‍ പ്രവേശിപ്പിച്ചു. റാന്നിയിലെ അയാളുടെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു. തുടര്‍ന്ന് ചില രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്. എന്നാല്‍ ഈ വിവരം ആശുപത്രി ജീവനക്കാര്‍ അറിയുന്നത് ഏറെനേരം കഴിഞ്ഞാണ്. ശൗചാലയത്തില്‍ പോയി മടങ്ങിവരാന്‍ ആവശ്യമായ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാളുടെ പേരുവിവരങ്ങള്‍ ജില്ലാ ഭരണകൂടം പോലീസിന് കൈമാറി. ഇതിനെത്തുടര്‍ന്നാണ് ഇയാളെ കണ്ടുപിടിച്ച് തിരികെ എത്തിക്കുവാന്‍ കഴിഞ്ഞത്.