പത്തനംതിട്ട : കൊറോണ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഫിസിഷ്യന്‍മാര്‍, മെഡിക്കല്‍ സൂപ്രണ്ടുമാര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ നേഴ്സുമാര്‍ എന്നിവര്‍ക്ക് ജില്ലാ മെഡിക്കന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടിയില്‍ എ.ഡി.എം അലക്സ് പി.തോമസ് അധ്യക്ഷ്യത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ, ജില്ലാ പ്രോഗാം മാനേജര്‍ ഡോ. സുഷന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ് നന്ദിനി, ഐ.എം.എ പ്രതിനിധി ഡോ. തോമസ് മാത്യു എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
വൈറസിന്റെ വ്യാപനരീതി, രോഗലക്ഷണങ്ങള്‍, ആശുപത്രികളില്‍ സ്വീകരിക്കേണ്ട പ്രതിരോധ ചികിത്സാ മാര്‍ഗങ്ങള്‍, റിപ്പോര്‍ട്ട് ചെയ്യേണ്ട രീതി തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കുകയും അംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 65 അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രൈവറ്റ് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്ന് പരിശീലനത്തില്‍ പ്രതിനിധികള്‍ അറിയിച്ചു. എല്ലാ വിഭാഗം ആരോഗ്യ ജീവനക്കാര്‍ക്കും കൊറോണ വൈറസ് രോഗബാധയെക്കുറിച്ചും തുടര്‍ന്ന് പ്രതിരോധ നടപടികളെക്കുറിച്ചും പരിശീലനം നല്‍കാനും പരിപാടിയില്‍ തീരുമാനിച്ചു.