ചൈന : ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 13 പ്രവിശ്യകളിലായി 830 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
അതെസമയം സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് കോറോണ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. കോറോണയ്ക്ക് സമാനമായ വൈറസാണ് നഴ്‌സിനെ ബാധിച്ചത്. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ട് വരികയാണ്.
വൈറസ് ബാധയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചൈനയിലെ വുഹാന്‍ നഗരത്തിലെയും സമീപ പട്ടണങ്ങളായ ഹുവാങ്ഗ്ഗാങ്, ഇസൗവു എന്നിവിടങ്ങളില്‍ റെയില്‍, വ്യോമ, ജല ഗതാഗതം നിരോധിച്ചിട്ടുണ്ട്. ജപ്പാന്, തായ്ലന്ഡ്, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.