ഫിലിപ്പീൻസ് : ഫിലിപ്പീൻസില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചു. ചൈനയ്ക്ക് പുറത്ത് വൈറസ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് ഫിലിപ്പീന്‍സില്‍ എത്തിയ 44 കാരനാണ് മരണപ്പെട്ടത്. ഫിലിപ്പീൻസില്‍ എത്തുന്നതിനുമുമ്പ് അദ്ദേഹത്തിന് രോഗം ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം 44 കാരനായ രോഗിക്ക് കടുത്ത ന്യൂമോണിയ കൂടി ബാധിച്ച് ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു ചൈനീസ് യുവതിയോടൊപ്പമാണ് ഇദ്ദേഹം ഫിലിപ്പീൻസിലെത്തിയത്. ഇവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിലെ ഐസോലേഷൻ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 300 കടന്നു. ലോകത്തൊട്ടാകെ 14,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും ഹുബെയിൽ നിന്നുള്ളവരാണ്.
ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മരണമാണിത്. പക്ഷേ ഈ രോഗി വൈറസ് ബാധയുടെ പ്രഭവകേന്ദ്രത്തിൽ നിന്നാണ് ഫിലിപ്പീന്‍സില്‍ എത്തിയത്. ലോകാരോഗ്യ സംഘടനയുടെ ഫിലിപ്പീൻസ് പ്രതിനിധി രബീന്ദ്ര അബയസിംഗെ പറഞ്ഞു. ചൈനയിൽ നിന്നുള്ള വിദേശ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫിലിപ്പീൻസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. വൈറസ് അതിവേഗം വ്യാപിക്കുന്നത് നിയന്ത്രിക്കാൻ ലോകമെമ്പാടുമുള്ള ഏതാനും രാജ്യങ്ങൾ ചൈനയിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു.