ഡൽഹി: ബി.ജെ.പി.ക്ക് ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ട് നൽകിയ മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്കെതിരേ അഴിമതിക്കേസെടുത്ത് സി.ബി.ഐ. ഛത്തീസ്ഗഢിലെ ജഗ്ദൽപുരിൽ 315 കോടി രൂപയുടെ സ്റ്റീൽ പ്ലാന്റ് നിർമാണ പദ്ധതിയിലാണ് അഴിമതി. 174 കോടിയുടെ ബിൽ പാസാക്കിയെടുക്കാൻ 78 ലക്ഷത്തോളം രൂപ കമ്പനി കൈക്കൂലി നൽകിയെന്ന് സി.ബി.ഐ. പറയുന്നു. 2023 ഓഗസ്റ്റ് പത്തിനെടുത്ത കേസിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥരും മേഘ കമ്പനിയിലെ രണ്ട് ജീവനക്കാരും പ്രതികളാണ്.
തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിങ് 966 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയിരുന്നു. അതിൽ 584 കോടിയും ബി.ജെ.പി.ക്കാണ് സംഭാവനചെയ്തത്. രണ്ടാം മോദിസർക്കാരിന്റെ കാലത്ത് പ്രധാനപ്പെട്ട പല നിർമാണ പദ്ധതികളും കമ്പനിക്ക് ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയതിൽ രണ്ടാംസ്ഥാനത്തും ഈ കമ്പനിയാണുള്ളത്.