27.5 C
Pathanāmthitta
Thursday, June 16, 2022 8:23 pm

പുതിയ കാലത്ത് സമരം ചെയ്യുന്നവര്‍ പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലതെന്ന് സി.ഒ.ടി നസീര്‍

കോഴിക്കോട്: പുതിയ കാലത്ത് സമരം ചെയ്യുന്നവര്‍ പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലതെന്ന് സി.പി.എം മുന്‍ നേതാവ് സി.ഒ.ടി നസീര്‍.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച കേസിലെ പ്രതിയായ സി.ഒ.ടി നസീര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പറഞ്ഞത്. മുന്‍ മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ ഒമ്ബത് വര്‍ഷമായി നിരപരാധിത്വം തെളിയിക്കാന്‍ കോടതി കയറിയിറങ്ങുകയാണെന്നും സി.ഒ.ടി നസീര്‍ വ്യക്തമാക്കി. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളുവെന്ന് ഹാഷ്ടാഗും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സി.ഒ.ടി നസീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ -സ്വപ്ന വിഷയം അന്ന് (2013) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി-സരിത വിഷയം. ഇന്ന് വിമാനത്തില്‍ പ്രതിഷേധിക്കുന്നു അന്ന് റോഡില്‍ പ്രതിഷേധിച്ചു. ആര്‍ക്ക് എങ്കിലും തോന്നുന്നു ഉണ്ടോ ഈ വ്യവസ്ഥിയില്‍ വല്ല മാറ്റം ഉണ്ടാവും? പറയാന്‍ കാരണം കണ്ണ് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ല് ഏറിഞ്ഞ് എന്ന കേസ് ഇന്നും തിര്‍ന്നിട്ടില്ല. 9 വര്‍ഷമായി നിരാപാധിത്വം തെളിയിക്കാന്‍ കോടതിപടി കയറി ഇറങ്ങുന്നു. സമരം ചെയുന്ന സമരഭടന്‍മാരോട് പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്. #സത്യംമാത്രമേജയിക്കാന്‍പാടുള്ളു

2013 ഒക്ടോബര്‍ 27നാണ് കണ്ണൂര്‍ പൊലീസ് മൈതാനത്ത് സംസ്ഥാന അത്ലറ്റിക് മീറ്റിന്‍റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. എം.എല്‍.എമാരായ സി. കൃഷ്ണന്‍, ടി.വി രാജേഷ്, സി.പി.എം നേതാവായിരുന്ന സി.ഒ.ടി നസീര്‍ അടക്കം 113 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ നസീര്‍ പിന്നീട് ഉമ്മന്‍ ചാണ്ടി തലശ്ശേരി റെസ്​റ്റ്​ ഹൗസില്‍ വന്നപ്പോള്‍ നേരില്‍ കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു.

പാര്‍ട്ടി അംഗത്വ ഫോറത്തില്‍ മതം എഴുതാന്‍ തയാറല്ലെന്നതിന്‍റെ പേരില്‍ പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി മുന്‍ നഗരസഭാംഗവുമായ നസീര്‍ പിന്നീട് സജീവ രാഷ്​ട്രീയത്തില്‍ നിന്ന്​ മാറിനില്‍ക്കുകയായിരുന്നു. ഇതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനു നേരെ 2019 മെയ് 18ന് ആക്രമണമുണ്ടായി. തലശ്ശേരിയുടെ വികസനമുരടിപ്പ് തുറന്നുകാട്ടി നസീര്‍ രംഗത്തു വന്നത് ഇടതുമുന്നണിയെ രോഷാകുലരാക്കിയിരുന്നു.

ബൈക്കില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗസംഘം കനക് റെസിഡന്‍സി കെട്ടിടത്തിന് മുന്നിലെ ടൈല്‍സ് സ്ഥാപനത്തിന്‍റെ വരാന്തയില്‍ വെച്ച്‌ നസീറിനെ ബൈക്കില്‍ നിന്ന്​ തള്ളിവീഴ്ത്തി മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും പരിക്കേല്‍പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച്‌ നസീറും സഹപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിരുന്നു. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്‍റെ നിര്‍ദേശ പ്രകാരമാണ് കൊലപാതക ശ്രമമെന്ന നസീറിന്‍റെ ആരോപണം വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular