തലശേരി : കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചതിനു പിന്നാലെ ആക്രമണത്തിന് ഇരയായ സി.ഒ.ടി. നസീര്‍ നിയമസഭ തെരഞ്ഞെടുപ്പിലും മത്സര രംഗത്ത്. തലശേരിയില്‍ എ.എന്‍. ഷംസീറിനെതിരെയാണ് സിപിഐഎം മുന്‍ പ്രാദേശിക നേതാവ് കൂടിയായ നസീര്‍ മത്സരിക്കുന്നത്. ഇത്തവണ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് പോരാട്ടം. തലശേരി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കി.
ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. അക്രമ രാഷ്ട്രീയത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. മത്സരിക്കാന്‍ തീരുമാനിച്ചതോടെ തനിക്ക് നേരെ വധഭീഷണികളുണ്ടായെന്നും നസീര്‍ പറയുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ നസീര്‍ വധശ്രമത്തിനിരയായിരുന്നു. ഈ കേസിന്റെ കുറ്റപത്രം കഴിഞ്ഞയാഴ്ചയാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. കേസ് പോലീസ് തുടക്കം മുതല്‍ അട്ടിമറിച്ചെന്നാണ് സി.ഒ.ടി നസീറിന്റെ ആരോപണം.