ഇടുക്കി : പുറ്റടിയില്‍ വീടിനുള്ളിൽ തീപിടിച്ച് ദമ്പതിമാർ മരിക്കാൻ ഇടയായത് ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പോലീസ്. വീടിനുള്ളില്‍വെച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനമെന്നും ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പുറ്റടി ഇലവനാത്തൊടുകയില്‍ രവീന്ദ്രന്‍, ഭാര്യ ഉഷ എന്നിവരെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീടിന് തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ രവീന്ദ്രന്‍ വാട്‌സാപ്പില്‍ പങ്കുവെച്ച ആത്മഹത്യാക്കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു.
കുടുംബപ്രശ്‌നങ്ങളും സാമ്പത്തികബാധ്യതകളുമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് മുമ്പ് രവീന്ദ്രന്‍ ഒരു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ‘എന്നോട് ക്ഷമിക്കണം, ഞാന്‍ കൈയ്യിലുള്ള രൂപ ചേട്ടന്റെ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. നമ്മള്‍ മേടിച്ച രൂപ അവര്‍ക്ക് കൊടുക്കാന്‍ തികയില്ലെന്നറിയാം. എന്നാലും ഉള്ളത് കൊടുക്കണം. ഞാന്‍ ചേട്ടനോട് യാത്ര ചോദിക്കുന്നു. എന്നെ ഇവിടെയും ജീവിക്കാന്‍ അനുവദിക്കുന്നില്ല. വിശദവിവരം ഞങ്ങളുടെ കുടുംബഗ്രൂപ്പില്‍ ഇടുന്നുണ്ട്. ചേട്ടനോട് മാത്രം ഇത്രയും കാര്യം പറയുന്നു. മറ്റാരോടും എനിക്ക് പറയാനില്ല. പറ്റുമെങ്കില്‍ ചേട്ടന്‍ കട ഏറ്റെടുത്ത് നടത്തണം. എന്റെ ആഗ്രഹമാണ്. നമുക്ക് സാധനങ്ങള്‍ തരുന്നയാളുടെ നമ്പര്‍ കടയിലെ നോട്ടീസില്‍ ഉണ്ട്’, എന്നായിരുന്നു രവീന്ദ്രന്‍ സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം.
ഈ സുഹൃത്തില്‍നിന്ന് രവീന്ദ്രന്‍ നേരത്തെ അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നു. മറ്റൊരാളില്‍നിന്ന് പണം സംഘടിപ്പിച്ചാണ് ഇദ്ദേഹം രവീന്ദ്രന് നല്‍കിയത്. എന്നാല്‍ പണം തിരിച്ചുനല്‍കാന്‍ രവീന്ദ്രന് സാധിച്ചില്ല. തുടര്‍ന്നാണ് ഞായറാഴ്ച രാത്രി 11.40-ഓടെ വാട്‌സാപ്പില്‍ ഇത്തരമൊരു സന്ദേശമയച്ചത്. ശേഷം മൂവായിരം രൂപയോളം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കുകയും ചെയ്തിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷമാണ് രവീന്ദ്രന്‍ ഭാര്യയെ തീകൊളുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പിന്നാലെ സ്വയം തീകൊളുത്തുകയായിരുന്നു. ഇതോടെ തുണികളിലും മറ്റും തീപടരുകയും വീട്ടിലാകെ തീപടര്‍ന്നുപിടിക്കുകയും ചെയ്തു. ഇങ്ങനെയാണ് മകള്‍ ശ്രീധന്യയ്ക്ക് പൊള്ളലേറ്റതെന്നാണ് നിഗമനം.
പൊള്ളലേറ്റ ശ്രീധന്യ നിലവിളിച്ച് കൊണ്ട് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഇതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. വീട്ടിലെ തീയണച്ചപ്പോഴേക്കും ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ചിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകളും ഇവര്‍ക്കുമേല്‍ പതിച്ചനിലയിലായിരുന്നു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.