കണ്ണൂര്‍: ഗുണ്ടാ പോലീസ് സിഐ എന്‍ ജെ ശ്രീമോനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സിഐ എന്‍ ജെ ശ്രീമോനെയാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ മേഖല ഐജിയുടെ ഉത്തരവ്.
മുമ്പ് സിഐ ആയിരിക്കെ ശ്രീമോന്‍ വിവിധ കേസുകളില്‍ അനാവശ്യമായി ഇടപെട്ട സംഭവത്തെത്തുടര്‍ന്ന് ശ്രീമോനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്. നിലവില്‍ ഐജിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ശ്രീമോന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കിയാണ് സിഐക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ബേബിച്ചന്‍ വര്‍ക്കിയുടെ പരാതിയില്‍ മുമ്പ് ശ്രീമോനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്ന് തന്നെ ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. 2016 ജൂലായ് മുതല്‍ 2018 ഒക്ടോബര്‍ വരെയാണ് ശ്രീമോന്‍ തൊടുപുഴ സിഐ. ആയിരുന്നത്. ഇക്കാലയളവില്‍ സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി ഹര്‍ജി നല്‍കിയിരുന്നത്. ഇതിനൊപ്പം ശ്രീമോനെതിരേയുള്ള എല്ലാ പരാതികളും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഐ.ജി. എച്ച്. വെങ്കിടേഷിനെ കോടതി നിയോഗിച്ചു.
തൊടുപുഴ സിഐ. ആയിരുന്നപ്പോള്‍ ശ്രീമോനെതിരേ മുപ്പതോളം പരാതികളുണ്ടെന്നും ഇതില്‍ 18 എണ്ണത്തില്‍ കഴമ്പുണ്ടെന്നും ഐ.ജി. റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തിലാണ് നടപടിക്ക് ഹൈക്കോടതി ഉത്തരവുവന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ച് അവശരാക്കിയെന്നും പരാതിയുണ്ടായിരുന്നു.
ഉടുമ്പന്നൂര്‍ സ്വദേശിയായ വിജോ സ്‌കറിയയുമായി പങ്കുചേര്‍ന്ന് താന്‍ 2007 മുതല്‍ 2012 വരെ ബിസിനസ് നടത്തിയിരുന്നെന്നും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിസിനസ് അവസാനിപ്പിച്ചുവെന്നും ഇനിയും കണക്കുകള്‍ തീര്‍പ്പാക്കിയിട്ടില്ലന്നും ഈ സാഹചര്യത്തില്‍ വിജോയുടെ പ്രേരണയില്‍ തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍ ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു ബേബിച്ചന്‍ വര്‍ക്കിയുടെ പരാതി. ഈ ഹര്‍ജിയില്‍ ഡിജിപി, ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവരെ ഹൈക്കോടതി നേരത്തെ കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ രണ്ട് പരാതികള്‍ മാത്രമേ ശ്രീമോനെതിരെ തന്റെ അറിവില്‍പ്പെട്ടിട്ടുള്ളു എന്ന് കൊച്ചി റെയിഞ്ച് എസ്പി വിജയ് സാഖറെ സത്യവാംങ് മൂലം വഴി കോടതിയെ ധരിപ്പിച്ചു.
ഈയവസരത്തില്‍ ശ്രീമോനെതിരെ പലരുടേതായി 11ലധികം പരാതികള്‍ ഉണ്ടെന്ന് ബേബിച്ചന്‍ വര്‍ക്കിയുടെ അഭിഭാഷകന്‍ അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും ചെക്കു കേസില്‍ ആരോപണ വിധേയനായ ഒരാളെ തൊടുപുഴ കോടതി അങ്കണത്തില്‍ നിന്നും ബലം പ്രയോഗിച്ച് ശ്രീമോന്‍ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യവും കോടതിയില്‍ സമര്‍പ്പിച്ചു. അറസ്റ്റ് വിഷയത്തില്‍ പ്രതിയുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അഡ്വ. തോമസ് ചൂണ്ടിക്കാട്ടി. ഐ.ജി ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ ഉള്‍പ്പെടാത്ത പല പരാതികളും ശ്രീമോനെതിരെ ഐ.ജി ഓഫീസില്‍ നിലനില്‍ക്കുന്നുണ്ടെന്നും കാണിച്ചുകൊണ്ടുള്ള രേഖകളും അഡ്വ.തോമസ് അന്നുതന്നെ കോടതിയില്‍ സമര്‍പ്പിച്ചു.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ കൈകാര്യം ചെയ്യേണ്ടെന്ന് കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും സി ഐ ശ്രീമോന്‍ ഇത് കാര്യമാക്കാറില്ലന്നും കമ്മീഷന്‍ വ്യവസ്ഥയില്‍ ഇത്തരം പരാതികള്‍ തന്റെ ഓഫീസില്‍ പരിഹരിക്കുക ഇദ്ദേഹത്തിന്റെ പതിവായിരുന്നെന്നുമാണ് പരക്കെ ഉയര്‍ന്ന ആക്ഷേപം. ഇടപാട് തുകയില്‍ തന്റെ പങ്ക് എത്രയാണെന്ന് പറഞ്ഞ് ഉറപ്പിച്ച ശേഷമാവും ശ്രീമോന്‍ ‘ഓപ്പറേഷന്‍’ പ്ലാന്‍ ചെയ്യുക. ഭീഷിണിപ്പെടുത്തിയും ശാരീരീക ഉപദ്രവത്തിലൂടെയും മുദ്രപത്രത്തില്‍ എഴുതിവാങ്ങി വാദിക്ക് നല്‍കുകയാണ് ആദ്യഘട്ടത്തിലെ പ്രധാന ദൗത്യം.
ആവശ്യക്കാര്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തുനല്‍കിയാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും ഇത്തരം കേസുകളിലെ പ്രതികളെ പൊക്കുന്നതില്‍ ഈ സി ഐ മുന്‍പിലുണ്ട് ഡല്‍ഹിയില്‍ വരെ പറന്നെത്തി ഒരാളെ സി ഐ പൊക്കിയിരുന്നെന്നും മറ്റുമുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ശ്രീമോനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുപുറമെ കസ്റ്റഡി മരണമുള്‍പ്പടെ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നു.
മുപ്പതോളം കേസുകളില്‍ ശ്രീമോനെതിരെ പരാതി ഉയര്‍ന്നതോടെ കടുത്ത ഭാഷയിലായിരുന്നു ഹൈക്കോടതി സിഐയെ വിമര്‍ശിച്ചത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സര്‍വീസില്‍ വച്ചുകൊണ്ടിരിക്കരുതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. ഉടനടി അന്വേഷണം തുടങ്ങണമെന്ന് കാണിച്ച് വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ആയിരം പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഐജി എച്ച്. വെങ്കിടേഷ് കോടതിക്ക് കൈമാറിയത്.
റിപ്പോര്‍ട്ട് പ്രകാരം സിഐ 18 കേസുകളില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും 5 കേസുകള്‍ കോടതിയുടെ പരിഗണിനയിലുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് ശ്രീമോനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഞ്ചുമാസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം. അനുവദിച്ച കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.